വീട്ടുകാർ ഉറങ്ങി കിടന്ന കട്ടിലിനു താഴെ ഫണം ഉയർത്തി ചീറ്റി രാജവെമ്പാല

കണ്ണൂർ: കിടപ്പുമുറിയിലെ കട്ടിലിനു കീഴിൽ കയറി കൂടി ചീറ്റി ഭീതി പരത്തിയ രാജവെമ്പാല. വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് അധികൃതർ പാമ്പിനെ പിടികൂടിയതോടെയാണ് ഭീതി അകന്നത്. ശനിയാഴ്‌ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി, കക്കുവയിൽ പത്താംബ്ലോക്കിലെ കെ സി കേളപ്പന്റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. കട്ടിലിനു അടിയിൽ നിന്നു പാമ്പ് ചീറ്റുന്നതിൻ്റെ ശബ്ദം കേട്ടാണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബം ഉണർന്നത്. മൂർഖനോ മറ്റോ ആയിരിക്കുമെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാൽ മുറിക്കകത്ത് ഉണ്ടായിരുന്നവർ പുറത്തിറങ്ങി വിശദമായി നോക്കിയപ്പോഴാണ് കട്ടിലിനു അടിയിൽ പത്തി വിടർത്തി നിൽക്കുന്ന രാജവെമ്പാലയെ കണ്ടത്. ആദ്യം അമ്പരന്നുവെങ്കിലും വീട്ടുകാർ ഉടൻ ‘മാർക്ക്’ പ്രവർത്തകനായ ഫൈസൽ വിളക്കോടിനെ അറിയിച്ചു. തുടർന്ന് ഫൈസലും വനം വകുപ്പ് വാച്ചർമാരായ അമൽ, അഭിജിത്ത് എന്നിവരും ചേർന്ന് രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടിയതോടെയാണ് വീട്ടുകാർക്ക് ശ്വാസം വീണത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top