പാലക്കാട്: വടക്കഞ്ചേരിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ. മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് കിടപ്പുരോഗിയായ പുളിമ്പറമ്പ് വിശാലത്തെ (55) തെരുവ് നായ ആക്രമിച്ചത്.
വീടിന് മുൻവശത്തെ ചായ്പ്പിൽ കട്ടിലിൽ കിടക്കുമ്പോഴായിരുന്നു ആക്രമണം. കയ്യിലെ മാംസം പുറത്തുവരുന്ന രീതിയിൽ മാരകമായി പരിക്കേറ്റ വിശാലത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രദേശത്ത് കമ്മാന്തറയിൽ മറ്റൊരു പശുക്കുട്ടിക്കും പേവിഷബാധ ലക്ഷണങ്ങളുണ്ടെന്ന സംശയത്തിലാണ്.മൂന്ന് ദിവസമായി പശുക്കുട്ടിക്ക് പനിയുണ്ട്. ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് വടക്കഞ്ചേരി വെറ്റിനറി സർജൻ പി ശ്രീദേവി പരിശോധന നടത്തിയതിൽ ആണ് പശുക്കുട്ടിക്കും രോഗലക്ഷണം ഉള്ളതായി സംശയിക്കുന്നത്. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ പട്ടിയുടെ കടിയേൽക്കുകയോ മറ്റെന്തെങ്കിലും സംശയമോ ഉള്ളവർ പേ വിഷബാധയ്ക്കെതിരെയുള്ള ചികിത്സ തേടേണ്ടതാണെന്ന് ഡോക്ടർ അറിയിച്ചു.
പാലക്കാട് വടക്കഞ്ചേരിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ




