കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് MDMA പിടികൂടിയ സംഭവം; വിശദ അന്വേഷണത്തിന് പൊലീസ് വിദേശത്തേക്ക്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ലഹരിക്കടത്ത് കണ്ണികളെ പിടികൂടാൻ പൊലീസ് വിദേശത്തേക്ക്. വിദേശത്തുള്ള വിതരണക്കാരെ കണ്ടത്താനുള്ള ശ്രമം ആരംഭിച്ചുവെന്ന് മലപ്പുറം എസ്‌പി ആർ വിശ്വനാഥ് പറഞ്ഞു.
മുൻപത്തെ ലഹരി കേസുകളിൽ ഉൾപ്പെട്ടവർ ഇപ്പോഴും വിദേശത്ത് തുടരുന്നവരുണ്ടെന്നും അവർക്കെതിരെ ഇന്റർപോളിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നുണ്ടെന്നും എസ്‌പി അറിയിച്ചു. അവർക്കെതിരെ ഇന്റർപോൾ മുഖാന്തരമുള്ള കോർണർ നോട്ടീസുകൾ നൽകും. അതിൽ മലയാളികൾ ഉൾപ്പെടെയുണ്ട്. ലുക്ക്ഔട്ട് നോട്ടീസ് വിതരണം ചെയുന്നുണ്ടെന്നും ചിലയാളുകളുടെ പാസ്പോർട്ട് റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും എസ്‌പി പറഞ്ഞു. ലഹരിക്കടത്ത് കണ്ണികളെയെല്ലാം പിടികൂടും. 2025 ൽ നാലാമത്തെ കേസാണിത്. മസ്‌കറ്റിൽ നിന്നാണ് പ്രതി വന്നതെന്നും എസ്‌പി പറഞ്ഞു. പ്രതിയെ കുറിച്ച് രഹസ്യ വിവരം നേരത്തെ ലഭിച്ചിരുന്നു. ഡാൻസാഫിന്റെ പരിശോധനയിലാണ് പ്രതിയെ പിടികൂടിയതെന്നും പ്രതിയുടെ ഫോണിലെ ഇന്റർനെറ്റ് ഉപയോഗം ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെന്നും എസ്പി അറിയിച്ചു.കഴിഞ്ഞ ദിവസമാണ് കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കിലോയോളം എംഡിഎംഎയുമായി തൃശൂർ സ്വദേശി പിടിയിലായത്. ദമാമിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂരിൽ എത്തിയ കൊരട്ടി സ്വദേശി പഴക്കര വീട്ടിൽ എ ലിജീഷ്(50) ആണ് അറസ്റ്റിലായത്. ഡാൻസാഫും കരിപ്പൂർ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. കാർഡ്‌ബോർഡ് പെട്ടിയിൽ 21 പാക്കറ്റുകളായി ഒളിപ്പിച്ച് കടത്താനാണ് പ്രതിയായ ലിജീഷ് ശ്രമിച്ചത്. 21 പാക്കറ്റുകളിലായി ഒരു കിലോയോളം എംഡിഎംഎയാണ് ഇയാളുടെ പക്കൽ നിന്ന് ഡാൻസാഫും കരിപ്പൂർ പൊലീസും ചേർന്ന് കണ്ടെടുത്തത്. കഴിഞ്ഞ മൂന്നാം തീയതിയാണ് ലിജീഷ് ദമാമിലേക്ക് പോയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top