എഐ ഉപയോഗിച്ച് അശ്ലീല ഉള്ളടക്കം; എക്‌സിന് നോട്ടിസ് അയച്ച് കേന്ദ്രസർക്കാർ, അടിയന്തര നടപടിക്ക് നിർദേശം

ഡൽഹി: ഐടി നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്‌സിന് ഐടി മന്ത്രാലയം നോട്ടിസ് അയച്ചു. ഗ്രോക് ഉൾപ്പെടെയുള്ള എഐ (നിർമിതബുദ്ധി) സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യതയെ ബാധിക്കുന്ന അശ്ലീല, നഗ്ന ദൃശ്യങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്നതും അപ്ലോഡ് ചെയ്യുന്നതും തടണമെന്ന് നോട്ടിസിൽ പറയുന്നു.72 മണിക്കൂറിനകം നടപടി റിപ്പോർട്ട് സമർപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എഐ പ്ലാറ്റ്ഫോമിലൂടെ സ്വകാര്യതയുടെ ലംഘനം നടക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. നിയമവിരുദ്ധമായ കണ്ടന്റു്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എക്‌സിനു സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്ന അക്കൗണ്ടുകൾ മരവിപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യണം. ഇത്തരം കണ്ടന്റുകൾ ഉടനടി നീക്കം ചെയ്യണം. ശിവസേന എംപി പ്രിയങ്ക ചതുർവേദിയാണ് നടപടി ആവശ്യപ്പെട്ട് ഐടി മന്ത്രാലയത്തെ സമീപിച്ചത്. സ്ത്രീ സുരക്ഷയ്ക്കായി നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം.എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് സ്ത്രീകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ഗ്രോക്കിൻ്റെ എഐ ഫീച്ചർ ഉപയോഗിച്ച് സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നതായി അവർ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top