കാറിൽ രഹസ്യ അറ പണിത് കുഴൽപ്പണക്കടത്ത് ; കണ്ണൂർ പരിയാരത്ത് 80 ലക്ഷം രൂപ പിടികൂടി, 3 പേർ അറസ്റ്റിൽ

പരിയാരത്ത് പുത്തൻ കാറിൽ രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച 80 ലക്ഷത്തിൻ്റെ കുഴൽപ്പണം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർക്കെതിരെ കേസെടുത്തു. പുഷ്‌പഗിരി നഹലാസിൽ നാസിഫ് (22), അമ്മംകുളം ഷംനാസിൽ മുഹമ്മദ് ഷാഫി (30), ചാലോടെ തേരളഞ്ഞി പ്രവീൽ (38) എന്നിവർക്കെതിരെയാണ് പരിയാരം പൊലീസ് കേസടുത്തത്.കഴിഞ്ഞ ചൊവ്വാഴ്‌ച ദേശീയപാതയിൽ പിലാത്തറയിലെ വനിതാ ഹോട്ടലിനു സമീപം കാർ യാത്രക്കാർ തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷത്തിൽ ഇവർ സഞ്ചരിച്ച ആഡംബര കാറിൻ്റെ ചില്ല് തകർന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കാർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് വർക്ക്ഷോപ്പുകാരനെ കൊണ്ടുവന്ന് കാർ പരിശോധിച്ചെങ്കിലും സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല.
ഇന്ന് രാവിലെ മറ്റൊരു മെക്കാനിക്കിനെ കൊണ്ടുവന്ന് വീണ്ടും വിശദമായി പരിശോധിച്ചപ്പോൾ ഹാൻഡ് ബ്രേക്കിൻ്റെ അടുത്തായി രഹസ്യ അറ കണ്ടെത്തി. ഈ അറയ്ക്കുള്ളിൽ 100, 200, 500 രൂപ നോട്ടുകളുടെ കെട്ടുകളാണ് കണ്ടെത്തിയത്. 80 ലക്ഷം രൂപയുടെ നോട്ടുകളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുഴൽപ്പണമാണെന്ന് വ്യക്തമായത്. പണം പയ്യന്നൂർ കോടതിയിൽ ഹാജരാക്കി.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top