
കോഴിക്കോട്: കോഴിക്കോട് പോക്സോ കേസ് അതിജീവിത വീണ്ടും പീഡനത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ ബീച്ചിന് സമീപത്തും ലോഡ്‌ജിലും എത്തിച്ച് പീഡനത്തിന് ഇരയാക്കി. പീഡിപ്പിച്ചവരിൽ ഒരാൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആളാണ് എന്നാണ് പെൺകുട്ടിയുടെ മൊഴി. ചേവായൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് വെളളയിൽ, ടൗൺ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. പെൺകുട്ടിയെ വീണ്ടും വെളളിമാടുകുന്നിലെ എൻട്രി ഹോമിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച്ച വെളളിമാടുകുന്ന് എൻട്രി ഹോമിൽ നിന്ന് സ്കൂളിലേക്ക് പോയ കുട്ടിയെ കാണാതായിരുന്നു. അന്നു രാത്രിയോടെ ബീച്ചിൽ നിന്ന് കുട്ടിയെ കണ്ടെത്തി ചേവായൂർ പൊലീസ് സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിയെ വീണ്ടും രണ്ടുപേർ പീഡിപ്പിച്ചതായി പൊലീസ് റിപ്പോർട്ട് നൽകുകയായിരുന്നു. കുട്ടിയെ കണ്ടെത്തി ഹാജരാക്കുന്നതിൽ കാലതാമസം വരുത്തിയതിനും കണ്ടെത്തിയ ശേഷം നടപടിക്രമങ്ങൾ സിഡബ്ല്യുസിയെ അറിയിക്കാത്തതിനും വിശദീകരണം നൽകാൻ ചേവായൂർ പൊലീസിന് സിഡബ്ല്യുസി ചെയർമാൻ നോട്ടീസ് നൽകിയിരുന്നു.ഒരുമാസമായി എൻട്രി ഹോമിൽ താമസിക്കുകയായിരുന്ന പതിനേഴുകാരിക്ക് സിഡബ്ല്യുസിയുടെ നേതൃത്വത്തിലാണ് നഗരത്തിലെ വിദ്യാലയത്തിൽ പ്രവേശനം ലഭിച്ചത്. ചൊവ്വാഴ്ച്ച സ്‌കൂളിലേക്ക് പോയ കുട്ടി അവിടെ എത്താതിരുന്നതോടെ സ്കൂൾ അധികൃതർ വിവരമറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയായിരുന്നു. കണ്ടെത്തിയ ശേഷം കുട്ടിയുമായി സംസാരിച്ചപ്പോൾ നഗരത്തിൽവെച്ച് രണ്ടിടങ്ങളിൽ നിന്ന് പീഡിപ്പിക്കപ്പെട്ടെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകുകയായിരുന്നു.നേരത്തെ ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയെ ഡിഎൻഎ പരിശോധന നടത്തുന്നതിനും ആ കേസിൽ വെളളയിൽ പൊലീസ് അന്വേഷണം നടത്തുന്ന സാഹചര്യത്തിലുമാണ് സുരക്ഷയുടെ ഭാഗമായി എൻട്രി ഹോമിൽ താമസിപ്പിച്ചിരുന്നത്. പെൺകുട്ടി ഷെൽട്ടർ ഹോമിൽ സുരക്ഷിതയല്ലെന്നും തനിക്കൊപ്പം വിടണമെന്നും ആവശ്യപ്പെട്ട് അമ്മ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ നടപടി കാത്തിരിക്കുന്നതിനിടെയാണ് പെൺകുട്ടിയെ കാണാതായതും കുട്ടി വീണ്ടും പീഡനത്തിന് ഇരയായതും.



