കാസർകോട്: ഡിജിറ്റൽ അറസ്റ്റിൻ്റെ പേരിൽ ഡോക്ടറുടെ 1.10 കോടി രൂപ തട്ടിയെടുത്തതായി പരാതി. നീലേശ്വരം സ്വദേശിയായ 80 കാരനാണ് തട്ടിപ്പിനിരയായത്. പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് ഡോക്ടർ നൽകിയ പരാതിയിന്മേൽ കാസർകോട് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡിസംബർ നാലിനും 15നുമിടയിലുള്ള ദിവസങ്ങളിൽ മൂന്നു തവണകളായാണ് പണം തട്ടിയെടുത്തത്. പൊലീസെന്ന വ്യാജേന വിളിച്ചാണ് സംഘം ഡോക്ടറുടെ പണം തട്ടിയെടുത്തത്. മൂന്നാം തവണയും അക്കൗണ്ടിൽ നിന്ന് പണം പോയതോടെയാണ് താൻ തട്ടിപ്പിനിരയായെന്ന കാര്യം ഡോക്ടർക്കു മനസ്സിലായതെന്നു പറയുന്നു. എന്നാൽ ഡിജിറ്റൽ അറസ്റ്റ് എന്ന സംവിധാനം ഇല്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സൈബർ പൊലീസ് അറിയിച്ചു. തട്ടിപ്പുകാർ ഏതു വിധത്തിലും വരുമെന്നും ഇത്തരം തട്ടിപ്പുകാർ വിളിക്കുകയാണെങ്കിൽ ഉടൻ വിവരം സൈബർ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
അതേ സമയം ഡിജിറ്റൽ അറസ്റ്റ് എന്ന വ്യാജേന പണം തട്ടുന്ന അന്താരാഷ്ട്ര സംഘത്തിനു കാസർകോട് ജില്ലയിൽ റിക്രൂട്ടിംഗ് ഏജൻ്റുമാർ ഉള്ളതായി സംശയം ഉയർന്നിട്ടുണ്ട്. ഏജൻ്റുമാർ നൽകുന്ന ഫോൺ നമ്പരുകളിലാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്നും സൂചനയുണ്ട്.
ഡിജിറ്റൽ അറസ്റ്റ്; നീലേശ്വരത്തെ ഡോക്ടറുടെ 1.10 കോടി രൂപ തട്ടി; തട്ടിപ്പ് സംഘത്തിനു റിക്രൂട്ടിംഗ് ഏജൻസി ഉള്ളതായി സംശയം


