കിഫ്ബി മസാലബോണ്ട് കേസ്; മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇഡി നോട്ടീസിന് സ്റ്റേ

കിഫ്ബി മസാലബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനും നല്‍കിയ ഇഡിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ. കിഫ്ബിയുടെ ഹര്‍ജിയില്‍ നേരത്തെ നോട്ടീസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നേരത്തെ മസാല ബോണ്ട് കേസില്‍ ‘ഫെമ’ ലംഘനം കണ്ടെത്തിയ ഇഡി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞിരുന്നു. നാല് മാസത്തേക്കായിരുന്നു സ്റ്റേ. റിയല്‍ എസ്റ്റേറ്റ് ഇടപാടല്ല, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത് എന്നായിരുന്നു കിഫ്ബിയുടെ വാദം. പിന്നാലെ വിശദമായ മറുപടി ആവശ്യപ്പെട്ട് ഇഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. മറുപടി ലഭിച്ച ശേഷമാകും കേസില്‍ തുടര്‍വാദം നടക്കുക.
മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി സിഇഒ ഡോ. കെ എം അബ്രഹാമിനും എതിരെ നവംബര്‍ 28നാണ് ഇ ഡി നോട്ടീസ് നല്‍കിയത്. 2019ല്‍ മസാല ബോണ്ട് വഴി സമാഹരിച്ച തുകയില്‍നിന്ന് 466.92 കോടി രൂപ ഭൂമി വാങ്ങാന്‍ വിനിയോഗിച്ചതായി കണ്ടെത്തിയെന്നും ഇത് ഫെമ നിയമ ലംഘനമായതിനാല്‍, നോട്ടീസ് കിട്ടി ഒരുമാസത്തിനകം
വിശദീകരണം നല്‍കണമെന്നുമായിരുന്നു നോട്ടീസ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top