കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രിയാണ് മൃതദേഹം കണ്ടത്. വൈകിട്ട് നാലു മുതൽ ഈ കാർ പരിസരത്ത് നിർത്തിയിട്ടിട്ടുണ്ടായിരുന്നു. കാറിനുള്ളിൽ നിന്നും ആരും ഇറങ്ങാത്തത് കണ്ടതിനെതുടർന്ന് രാത്രിയിൽ നാട്ടുകാർ ചെന്നു നോക്കിയപ്പോഴാണ് യുവാവിനെ കണ്ടത്. കാറിൻറെ പിൻസീറ്റിലെ ഗ്ലാസ് തകർത്താണ് ഡോർ തുറന്ന് യുവാവിനെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബെംഗളൂരുവിൽ ഷെഫ് ആയി ജോലി ചെയ്യുന്ന വിജോ ക്രിസ്‌മസ് അവധിക്ക് നാട്ടിലേക്ക് എത്തിയതാണെന്നാണ് വിവരം. അസ്വഭാവിക മരണത്തിന് കേസെടുത്ത് തൊട്ടിൽപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർ പൊലീസ് വിശദമായി പരിശോധിക്കും. കാറിൽ എസി ഓൺ ചെയ്‌തിട്ടുണ്ടായിരുന്നുവെന്നാണ് പൊലീസ് പ്രാഥമികമായി മനസിലാക്കിയിട്ടുള്ളത്. യുവാവിന് മറ്റെന്തെങ്കിലു ആരോഗ്യപ്രശ്‌നമുണ്ടോയെന്ന കാര്യമടക്കം അന്വേഷിക്കും.
മണിക്കൂറുകൾ കഴിഞ്ഞിട്ടും കാറിലുണ്ടായിരുന്ന ആൾ പുറത്തിറങ്ങിയില്ല; യുവാവ് കാറിൽ മരിച്ച നിലയിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു


