മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്നു; പ്രതി ഹമീദിനു വധശിക്ഷ, രക്ഷപ്പെടാതിരിക്കാൻ വീട് പൂട്ടി

തൊടുപുഴ ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ചു തീയിട്ടു കൊലപ്പെടുത്തിയ കേസിൽ പിതാവ് ആലിയക്കുന്നേൽ ഹമീദ് മക്കാറിന് (79) വധശിക്ഷയും 5 ലക്ഷംരൂപ പിഴയും. ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസൽ (ഷിബു-45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരാണു മരിച്ചത്. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2022 മാർച്ച് 19ന് രാത്രിയിലാണ് കൂട്ടക്കൊല നടന്നത്.സ്വത്തിന്റെ പേരിൽ മകനുമായുണ്ടായ വഴക്കാണു കൊലപാത കാരണം. രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടച്ചാണു ഹമീദ് കൂട്ടക്കൊല നടത്തിയത്. ഹമീദിൻ്റെ പിതാവ് മക്കാർ, കൊച്ചുമകൻ ഫൈസലിന് ഇഷ്‌ടദാനമായി നൽകിയ സ്വത്ത് തനിക്ക് അവകാശപ്പെട്ടതാണെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു തർക്കം. ഫൈസലും കുടുംബവും കിടന്നിരുന്ന മുറി അർധരാത്രിക്കു ശേഷം പുറത്തുനിന്നു പൂട്ടി ജനൽ വഴിയും മേൽക്കൂര വഴിയും പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.വെള്ളമൊഴിച്ചു തീ കെടുത്താതിരിക്കാൻ വീട്ടിലേക്കുള്ള ശുദ്ധജല കണക്ഷൻ വിഛേദിച്ചിരുന്നു. കിടപ്പു മുറിക്കുള്ളിൽ തീ പടർന്നതോടെ ഫൈസലും ഭാര്യയും മക്കളും ശുചിമുറിക്കുള്ളിൽ കയറി കതകടച്ചു. ടാപ്പ് തുറന്നെങ്കിലും വെള്ളമില്ലായിരുന്നു. ചെറിയ കുപ്പികളിൽ പെട്രോൾ നിറച്ച് ഹമീദ് ഇവിടേക്കും എറിഞ്ഞു. തീപടർന്നതോടെ 4 പേരും ശുചിമുറിക്കുള്ളിൽത്തന്നെ പൊള്ളലേറ്റു മരിച്ചു. ഇരുകൈകളിലും മക്കളെ ചേർത്തുപിടിച്ച രീതിയിലായിരുന്നു ഫൈസലിന്റെ മൃതദേഹം.അയൽവാസികൾ ഓടിക്കൂടിയതോടെ വീടിനു പിന്നിലൂടെ ബന്ധുവീട്ടിലേക്കു പോയ ഹമീദിനെ പൊലീസ് പിടികൂടുകയായിരുന്നു. ചീനിക്കുഴിയിൽ സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്നു ഫൈസൽ. മൂത്തമകൾ മെഹ്റിൻ തൊടുപുഴ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വണ്ണിലും ഇളയ മകൾ അസ്ന കൊടുവേലി സാൻജോസ് സിഎംഐ പബ്ലിക് സ്കൂ‌ളിൽ എട്ടാം ക്ലാസിലും പഠിക്കുകയായിരുന്നു. അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ സെബാസ്‌റ്റ്യൻ കെ.ജോസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top