വായ്‌പയായി എടുത്തത് ഒരു ലക്ഷം രൂപ; പലിശക്കാർ തിരിച്ചടക്കാൻ ആവശ്യപ്പെട്ടത് 74 ലക്ഷം; കടം വീട്ടാൻ സ്വന്തം വൃക്ക വിറ്റ് കർഷകൻ

ചന്ദ്രപൂർ: കൃഷി വിപുലീകരിക്കാൻ ഒരു ലക്ഷം രൂപ വായ്‌പ എടുത്ത കർഷകനോട് 74 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട പലിശക്കാർക്ക് പണം തിരിച്ചടയ്ക്കുന്നതിനായി സ്വന്തം വൃക്ക വിറ്റ് കർഷകൻ. ദിവസവും 10,000 രൂപ പലിശ നൽകണമെന്ന വ്യവസ്ഥയിലാണ് രണ്ട് പലിശക്കാരിൽ നിന്ന് കർഷകൻ ഒരു ലക്ഷം രൂപ കടം വാങ്ങിയത്. എന്നാൽ പലിശ നൽകാൻ കഴിഞ്ഞില്ല. ഇതോടെയാണ് കടം 74 ലക്ഷം രൂപയായതെന്ന് പലിശക്കാർ പറയുന്നു. ഇത്രയും പണം എവിടെ നിന്നെടുത്ത് പലിശക്കാർക്ക് കൊടുക്കുമെന്ന് വേവലാതിപ്പെട്ട കർഷകന് പലിശക്കാർ അതിനുള്ള ഉപായവും പറഞ്ഞുകൊടുത്തു. വൃക്ക വിറ്റാൽ ഇത്രയം പണം കിട്ടുമെന്ന പലിശക്കാരുടെ നിർദേശത്തിന് നിസ്സഹായനായ കർഷകന് ഒടുവിൽ വശംവദനാകേണ്ടി വന്നു. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ റോഷൻ സദാശിവ് കുഡെയാണ് പലിശക്കാരുടെ ഉപദ്രവം കാരണം വൃക്ക വിറ്റ നിസ്സഹായൻ. കൃഷിയിൽ തുടർച്ചയായി നഷ്ടം വന്നപ്പോഴാണ് രണ്ട് പശുക്കളെ വാങ്ങാൻ ബ്ലേഡിൽ നിന്ന് അദ്ദേഹം ഒരു ലക്ഷം രൂപ കടം എടുത്തത്. കച്ചവടം തുടങ്ങിയതിന് ശേഷം മടക്കി നൽകാമെന്ന ഉറപ്പിലായിരുന്നു വായ്‌പയെടുത്തത്. എന്നാൽ അതിനു മുൻപ് തന്നെ പശുക്കൾ ചത്തു. അത് റോഷനെ കൂടുതൽ കടത്തിലേക്ക് തള്ളിവിട്ടു. പിന്നാലെ കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിന് പലിശക്കാർ അദ്ദേഹത്തേയും കുടുംബത്തേയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. കടം വീട്ടാനായി രണ്ടേക്കർ കൃഷിഭൂമി, ട്രാക്ടർ, വാഹനങ്ങൾ, സ്വർണം എന്നിവ വിറ്റതിനുശേഷവും, പണമിടപാടുകാർ വിട്ടില്ല. ഇതോടെ ബന്ധുക്കളിൽ നിന്ന് പണം കടം വാങ്ങി നൽകി. എന്നിട്ടും മതിവരാതെ പലിശക്കാർ കർഷകനോട് വൃക്ക വിൽക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ മറ്റ് മാർഗമില്ലാതെ കർഷകൻ വൃക്ക വിൽക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top