ബോംബ് പടക്കമായി!! സിപിഎം പ്രവർത്തകൻ്റെ കൈപ്പത്തി ചിതറിയ സംഭവം; അപകടം പടക്കം പൊട്ടിയെന്ന് പൊലീസ് എഫ്ഐആർ

കണ്ണൂർ: കണ്ണൂർ പിണറായിയിൽ ഇന്നലെയുണ്ടായ അപകടം ബോംബ് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിയതാണെന്നും പിണറായി പൊലീസ്. എഫ്ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൈപ്പത്തി ചിതറിയ ആൾക്കെതിരെ ചുമത്തിയത് സ്ഫോടക വസ്‌തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനുള്ള വകുപ്പാണ്. ബോംബ് കൈകാര്യം ചെയ്യുന്നതിനിടയാണ് സിപിഎം പ്രവർത്തകന് പരിക്കേറ്റത്. ബോംബ് കയ്യിൽനിന്ന് പൊട്ടി സിപിഎം പ്രവർത്തകനായ വിപിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വലുത് കൈപ്പത്തി ചിതറിയ വിപിൻ രാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓലപ്പടക്കം പൊട്ടിയെന്നാണ് സിപിഎം വിശദീകരണം. അതേസമയം പാനൂരിൽ സിപിഎം സൈബർ ഗ്രൂപ്പുകൾ ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി തുടരുകയാണ്. ബോംബ് എറിയുന്ന ദൃശ്യങ്ങൾ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. പിന്നാലെ സിപിഎം ആയുധം താഴെ വയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് പിണറായി വെണ്ടുട്ടായിൽ സ്ഫോടനമുണ്ടായത്. കനാൽക്കരയിൽ ആളൊഴിഞ്ഞ ഭാഗത്തുണ്ടായ ഉഗ്ര സ്ഫോർടനത്തിലാണ് സിപിഎം പ്രവർത്തകനായ വിപിൻ രാജിൻ്റെ വലത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റത്. ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. ഓലപ്പടക്കം പൊട്ടിക്കുമ്പോൾ അപകടമുണ്ടായെന്നാണ് ആശുപത്രിയിലും പൊലീസിനോടും പറഞ്ഞത്. എന്നാൽ പാനൂർ ഉൾപ്പടെയുളള മേഖലയിൽ പ്രയോഗിക്കാൻ സിപിഎം വ്യാപകമായി ബോംബ് നിർമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്നലെ രണ്ട് നാടൻ ബോംബുകൾ കണ്ടെടുത്തിരുന്നു. അക്രമികളെ സിപിഎമ്മും പൊലീസും സംരക്ഷിക്കുകയാണെന്നും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സിപിഎം ശൈലി അപമാനകരമാണെന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്ക് ശേഷവും പാനൂർ പാറാട് മേഖലയിൽ രാഷ്ട്രീയ സംഘർഷാവസ്ഥ തുടരുമ്പോൾ എരിതിയിൽ എണ്ണയൊഴിക്കുകയാണ് സിപിഎം സൈബർ ഗ്രൂപ്പുകൾ. സ്റ്റീൽ ബോംബ് എറിയുന്ന ദൃശ്യങ്ങൾക്ക് പോസ്റ്റ് ചെയ്തതിനൊപ്പം ഭീഷണി ഇങ്ങനെ “പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല.” നൂഞ്ഞബ്രം സഖാക്കൾ എന്ന അക്കൗണ്ട് വഴിയും കൊലവിളിയുണ്ട്. വിജയാഹ്ലാദത്തിനിടെ പാറാടുള്ള സിപിഎം സ്തൂപം ലീഗ് പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. ഇവരെ കബറടക്കുമെന്നാണ് സോഷ്യൽ മീഡിയ വഴിയുള്ള ഭീഷണി. മേഖലയിൽ സംഘർഷ സാധ്യതയുണ്ടെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പാനൂർ കുന്നോത്തുപറമ്പ് പഞ്ചായത്ത്, യുഡിഎഫ് പിടിച്ചെടുത്തതിന് ശേഷം നടന്ന ആഹ്ളാദ പ്രകടനത്തിലേക്ക്, സിപിഎം പ്രവർത്തകർ അതിക്രമിച്ച് എത്തിയതാണ് മേഖലയിലെ സംഘർഷത്തിന്റെ തുടക്കം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top