തൃശ്ശൂര്‍: നിലവിലുള്ള 57 ജയിലുകളിലും പാര്‍പ്പിക്കാനാകാത്ത വിധം അന്തേവാസികളുടെ എണ്ണം കൂടിയതോടെ മൂന്നു പുതിയ ജയിലുകള്‍ കൂടി സംസ്ഥാനത്ത് യാഥാര്‍ഥ്യമാക്കുന്നു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, കോഴിക്കോട് ജില്ലയിലെ വടകര, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലാണ് പുതിയ ജയിലുകള്‍ നിര്‍മിക്കുന്നത്. തളിപ്പറമ്പില്‍ നിര്‍മാണം 60 ശതമാനം പിന്നിട്ടു. വടകരയില്‍ ജയിലിനായുള്ള സ്ഥലം ഏറ്റെടുത്തു. മണ്ണാര്‍ക്കാട്ട് സ്ഥലം ഏറ്റെടുപ്പിനുള്ള നടപടി പൂര്‍ത്തിയായി.
നിലവിലുള്ള ജയിലുകളില്‍ പാര്‍പ്പിക്കാനാകുന്ന പരമാവധി അന്തേവാസികളുടെ എണ്ണം 8000 ആണ്. എന്നാല്‍ ഫെബ്രുവരി 25-ന് ജയിലുകളിലെ അന്തേവാസികളുടെ എണ്ണം 10589 ആണ്. ശേഷിയുടെ 25 ശതമാനത്തിലേറെയാണിത്. ദിനംപ്രതി അന്തേവാസികളുടെ എണ്ണം കൂടി വരുകയാണ്. അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ ജയിലുകളില്‍ 40 ശതമാനത്തിലേറെ വര്‍ധിച്ചു. കുറ്റകൃത്യങ്ങള്‍ പെരുകിയതും അതില്‍ നാര്‍ക്കോട്ടിക് കേസുകള്‍ വര്‍ധിച്ചതും ഇത്തരം കേസുകളില്‍ ജാമ്യവ്യവസ്ഥ കോടതി കര്‍ശനമായതുമാണ് ജയിലിലെ അന്തേവാസികളുടെ എണ്ണം പെരുകാന്‍ പ്രധാന കാരണം