ചതുപ്പിൽ കണ്ടെത്തിയ അസ്‌ഥികൾ വിജിലിൻ്റേതു തന്നെ; സ്‌ഥിരീകരിച്ചത് ഡിഎൻഎ പരിശോധനയിൽ

കോഴിക്കോട് സരോവരത്തെ ചതുപ്പിൽനിന്ന് കണ്ടെത്തിയ അസ്ഥികൾ കാണാതായ വിജിലിന്റേതാണെന്ന് സ്ഥിരീകരണം. കണ്ണൂർ ഫൊറൻസിക് ലാബിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് അസ്‌ഥികൾ വിജിലിൻ്റേതാണെന്ന് സ്ഥിരീകരിച്ചത്. 2019 മാർച്ചിലാണ് വെസ്‌റ്റ്ഹിൽ സ്വദേശിയായ വിജിലിനെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. പൊലീസ് തിരോധാന കേസ് റജിസ്‌റ്റർ ചെയ്തിരുന്നെങ്കിലും പിന്നീട് അന്വേഷണം നിലച്ചു.വർഷങ്ങൾക്ക് ശേഷം കേസ് അന്വേഷണം ആരംഭിച്ചതോടെയാണ് വിജിലിന്റെ സുഹൃത്തുക്കളിലേക്ക് എത്തിയത്. അമിതമായ ലഹരി ഉപയോഗത്തിനിടെ വിജിൽ മരിച്ചെന്നും പിന്നാലെ മൃതദേഹം സരോവരത്തെ ചതുപ്പിൽ കുഴിച്ചിട്ടെന്നുമാണ് സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് എന്നിവർ നൽകിയ മൊഴി. തുടർന്ന് ഇരുവരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സെപ്റ്റംബറിൽ സരോവരത്തെ ചതുപ്പിൽ നടത്തിയ തിരച്ചിലിൽ അസ്‌ഥികൾ കണ്ടെടുക്കുകയും ചെയ്തു. തലയോട്ടിയുടെ മുകൾ ഭാഗവും ഇടതു കൈയുടെ മുകൾ ഭാഗവും വിരലുകളും ഒഴികെ ബാക്കി ശരീരത്തിലെ മുഴുവൻ അസ്ഥികളുമാണു സരോവരം തണ്ണീർത്തടത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ഏഴാം ദിവസം നടത്തിയ തിരച്ചിലിൽ 7 മീറ്റർ താഴ്‌ചയിൽ നിന്നാണ് 58 അസ്ഥികൾ കണ്ടെടുത്തത്.2019 മാർച്ച് 24 രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷമാണു വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ വീട്ടിൽ കെ.ടി.വിജിൽ സ്വന്തം ബൈക്കിൽ വീട്ടിൽ നിന്നിറങ്ങിയത്. ഉച്ചയ്ക്ക് ഊണിന് എത്താമെന്നു പറഞ്ഞു പുറത്തേക്കു പോയ വിജിലിനായി അമ്മ ഭക്ഷണം വിളമ്പി കാത്തിരുന്നെങ്കിലും പിന്നീട് എത്തിയില്ല. രാത്രിയായിട്ടും കാണാതായതോടെ, എപ്പോഴും ഒപ്പമുണ്ടാകാറുള്ള സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചെങ്കിലും അവർക്കും വിവരമുണ്ടായിരുന്നില്ല.
മകനെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും മറ്റു വിവരം ലഭിക്കാതിരുന്നതോടെ 2019 ഏപ്രിൽ നാലിനാണ് പിതാവ് വിജയൻ പൊലീസിൽ പരാതി നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top