വിനോദയാത്രയിലെ തർക്കം, പ്ലസ്‌ടു വിദ്യാർഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മർദിച്ചു

പയ്യന്നൂർ പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കേസ്. കണ്ണൂർ പയ്യന്നൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ താൽക്കാലിക അധ്യാപകൻ പുതിയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.വിനോദയാത്രയ്ക്കിടെ തർക്കമുണ്ടായതിലെ വൈരാഗ്യമാണ് മർദനത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രശ്‌നം പറഞ്ഞുതീർക്കാൻ എന്ന പേരിൽ ലിജോ ജോൺ വിദ്യാർഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ലിജോ ജോണും സുഹൃത്തുക്കളും ചേർന്ന് വളഞ്ഞിട്ട് അടിച്ചെന്ന് വിദ്യാർഥികൾ പറഞ്ഞു. നാലു പേർ ചേർന്ന് ഇരുട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മർദിച്ചത്. വടി ഉപയോഗിച്ചും അടിച്ചു. തിരിച്ച് വീട്ടിലെത്തിയപ്പോൾ മർദനമേറ്റ പാടുകൾ കണ്ടതിനെ തുടർന്ന് വീട്ടുകാരാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരുക്കേറ്റ മൂന്ന് വിദ്യാർഥികൾ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top