പയ്യന്നൂർ: ജന്മനാ രണ്ട് കൈകളുമില്ലെങ്കിലും വിധിയെ പഴിച്ച് മാറി നിൽക്കാതെ പയ്യന്നൂരിലെ യുഡിഎഫ് സ്ഥാനാർഥി വൈശാഖ് ഏറ്റുകുടുക്ക കാല് കൊണ്ട് വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞദിവസം ഏറ്റുകുടുക്ക എയുപി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ ശ്രദ്ധാകേന്ദ്രമായതും കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായ വൈശാഖ് ഏറ്റുകുടുക്ക തന്നെയാണ്. പുലർച്ചെ മുതൽ തന്നെ വൈശാഖിന്റെ സജീവ സാന്നിധ്യം ബൂത്തിലുണ്ടായിരുന്നു.
വിരലുകൾ ഇല്ലാത്തതിനാൽ കാലുകൊണ്ടാണ് വൈശാഖ് ഒപ്പുവെച്ചത്. മഷി പുരട്ടാൻ കൈകൾക്ക് പകരം തന്റെ കാൽവിരൽ അദ്ദേഹം ഉദ്യോഗസ്ഥർക്ക് മുന്നിൽ നീട്ടിക്കൊടുത്തു, കാൽവിരൽകൊണ്ടുതന്നെ വോട്ടും ചെയ്‌തു. ജനാധിപത്യപ്രക്രിയയിലും തിരഞ്ഞെടുപ്പിലും ഭിന്നശേഷിക്കാർക്കുകൂടി ഇടമുണ്ടെന്നും അത് തെളിയിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗം കൂടിയാണ് തൻ്റെ സ്ഥാനാർത്ഥിത്വമെന്നും വൈശാഖ് പറഞ്ഞു.
നല്ലൊരു ചിത്രകാരനും ഇന്ത്യൻ മൗത്ത് ആൻഡ് ഫുട്ട് പെയിന്റ്റിങ് അസോസിയേഷൻ അംഗവുമാണ് യൂത്ത് കോൺഗ്രസ് കാങ്കോൽ-ആലപ്പടമ്പ് മണ്ഡലം പ്രസിഡൻറുകൂടിയായ വൈശാഖ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റ്റായിരുന്ന വൈശാഖിനെ ബൂത്തിലെത്തുന്നത് തടയാൻ അന്ന് ശ്രമമുണ്ടായിരുന്നു. ഇപ്പോൾ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴും പല പ്രതിസന്ധിഘട്ടങ്ങളും ഉണ്ടായിരുന്നുവെന്നും അതിനെയെല്ലാം അതിജീവിച്ചുവെന്നും വൈശാഖ് അറിയിച്ചു. പ്രചാരണ ബോർഡുകൾ പലതും നശിപ്പിച്ചു. എന്നാൽ അതുകൊണ്ടൊന്നും തന്നെ പിന്തിരിപ്പിക്കാനാകില്ലെന്ന് വൈശാഖ് ചൂണ്ടിക്കാട്ടി.
സിപിഎം ആലപ്പടമ്പ് ലോക്കൽ കമ്മിറ്റിയംഗവും കർഷകസംഘം ഏരിയാ കമ്മിറ്റിയംഗവുമായ ടി. വിജയനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. യു.ശ്രാവൺ എൻഡിഎ സ്ഥാനാർഥിയായും മത്സരിച്ചു. ഇത്തവണ വാർഡിൽ 1167 വോട്ടുകളുണ്ട്. കഴിഞ്ഞതവണ യുഡിഎഫിന് 170 വോട്ടാണ് ലഭിച്ചതെന്ന് വൈശാഖ് പറഞ്ഞു.
ജന്മനാ രണ്ട് കൈകളുമില്ലെങ്കിലും വിധിയെ പഴിച്ച് മാറി നിൽക്കാതെ പയ്യന്നൂരിലെ യുഡിഎഫ് സ്ഥാനാർഥി; കാല് കൊണ്ട് വോട്ട് ചെയ്തു




