തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇതിനായി പൊലീസ് ഡോക്ടറുടെ അനുമതി തേടി. ഡോക്ടറുടെ നിർദ്ദേശപ്രകാരമായിരിക്കും പ്രതിയെ ചോദ്യം ചെയ്യുക. ഡോക്ടർ അനുമതി നൽകിയാൽ പ്രതിയെ പൊലീസ് ഇന്ന് തന്നെ ചോദ്യം ചെയ്യും.
കൂട്ടക്കൊലപാതകം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രതി ലഹരിക്കടിമയെന്ന നിഗമനത്തിലേയ്ക്ക് പൊലീസ് പൂർണമായും എത്തിയിട്ടില്ല .സ്വന്തം സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണം കണ്ടെത്താൻ പ്രതി ശ്രമിച്ചിരുന്നുവെന്നും വിലയിരുത്തലുണ്ട്. അഫാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും തൻ്റെ അവസ്ഥക്ക് കാരണമായവരെയും ഇഷ്ടമുള്ളവരെയും കൊല്ലുകയായിരുന്നുവെന്നും നിഗമനമുണ്ട്.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതി അഫാനെ ക്രൂരമായ കൊലപാതകത്തിലേയ്ക്ക് നയിച്ചത് വ്യക്തിപരമായ സാമ്പത്തിക പ്രശ്നമാണെന്നാണ് നിഗമനം.