കോഴിക്കോട്: പട്ടാപ്പകൽ കോളേജിനകത്ത് പാഞ്ഞുകയറി കാട്ടുപന്നിയുടെ ആക്രമണം. കോഴിക്കോട് ബാലുശ്ശേരി സംസ്കൃത കോളേജിൽ കഴിഞ്ഞ ദിവസമാണ് ഭയാനകമായ സംഭവം നടന്നത്. ആക്രമണത്തിൽ നിന്ന് അധ്യാപകനായ മനോജ് കുമാർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. വിദ്യാർത്ഥികളാരും ഈ സമയം പുറത്തില്ലാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി.
തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെയാണ് കോളേജ് കോംപൗണ്ടിനകത്ത് കാട്ടുപന്നി പ്രവേശിച്ചത്. ഈ സമയം അധ്യാപകനായ മനോജ് കുമാർ ലൈബ്രറിയിൽ നിന്നും ഓഫീസിലേക്ക് വരാന്തയിലൂടെ നടന്നു വരികയായിരുന്നു. അധ്യാപകനെ കണ്ടതോടെ പന്നി പാഞ്ഞടുത്തു. ഇത് കാണാനിടയായ അധ്യാപകൻ പെട്ടെന്ന് തന്നെ ഒഴിഞ്ഞു മാറിയതിനാൽ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. പന്നി ഇടിച്ചതാകട്ടെ ചുമരിലും. അപ്പോൾ തന്നെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയും ചെയ്‌തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബാലുശ്ശേരി ടൗണിനോട് ചേർന്നാണ് സംസ്‌കൃത കോളേജ് പ്രവർത്തിക്കുന്നത്. ഇതിൻ്റെ പരിസരമാകെ കാടുപിടിച്ച നിലയിലാണെന്നും ഇവിടെ മൃഗങ്ങൾ താവളമാക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
പട്ടാപ്പകൽ കോളേജിനകത്ത് പാഞ്ഞുകയറി കാട്ടുപന്നി; ആക്രമണത്തിൽ നിന്നും അധ്യാപകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


