കാറിൽ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസ്: ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

കാസർകോട്: യുവതിയെ കാറിൽ തട്ടികൊണ്ടുപോയി ബലമായി മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിച്ചുവെന്ന കേസിൽ ഓട്ടോ ഡ്രൈവർമാരായ രണ്ടുപേർ അറസ്റ്റിൽ. ഭീമനടിയിൽ പ്രവീൺ എന്ന ധനേഷ് (36), മാങ്ങോട്ടെ രാഹുൽ (29) എന്നിവരെയാണ് ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ എ അനിൽകുമാർ അറസ്റ്റു ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്‌ചത്തേയ്ക്ക് റിമാൻ്റു ചെയ്‌തു.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. വീട്ടിലേയ്ക്ക് പോകാൻ ഭീമനടിയിൽ വാഹനം കാത്തു നിൽക്കുകയായിരുന്നു 29 കാരി. ഇതിനിടയിൽ കാറുമായി എത്തിയ ധനേഷ് ലിഫ്റ്റ് നൽകാമെന്നു പറഞ്ഞ് കാറിൽ കയറ്റി. എന്നാൽ യുവതിയെ ഇറക്കേണ്ട സ്ഥലത്ത് ഇറക്കാതെ വരക്കാട് ഭാഗത്തേയ്ക്ക് കാറോടിച്ചു പോയി. അമ്പാടി ബസാർ ഭാഗത്ത് എത്തിയപ്പോൾ ബലമായി മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
ഇതിനിടയിൽ ധനേഷ് ഫോൺ ചെയ്‌ത്‌ രാഹുലിനെ കൂടി വിളിച്ചു വരുത്തുകയും പിന്നീട് രണ്ടുപേരും പീഡിപ്പിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ മാങ്ങോട് റോഡിൽ ഇറക്കിവിട്ട് രണ്ടു പേരും കാറുമായി രക്ഷപ്പെടുകയായിരുന്നു. യുവതി അവശ നിലയിൽ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. വീട്ടുകാർ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസെത്തി യുവതിയിൽ നിന്നു വിശദമായ മൊഴിയെടുത്ത ശേഷമാണ് ധനേഷിനെയും രാഹുലിനെയും അറസ്റ്റു ചെയ്ത‌ത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top