കാട്ടാനാക്രമണത്തിൽ വീണ്ടും മരണം. ചാലക്കുടി ചായ്പൻക്കുഴിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. തെക്കൂടൻ സുബ്രൻ (68) ആണ് മരിച്ചത്. ചായ കുടിക്കാൻ ഹോട്ടലിലേയ്ക്ക് വരുമ്പോഴാണ് ആക്രമണം നടത്തിയത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.അതേസമയം കഴിഞ്ഞ ദിവസം കടുവ സെൻസസിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പുതൂർ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു കൊല്ലപ്പെട്ടിരുന്നു. കാളിമുത്തുവിൻ്റെ മരണ കാരണം ആന്തരിക രക്തസ്രാവമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. നട്ടെല്ലും വാരിയെല്ലുകളും തകർന്ന നിലയിലാണ്. ആന്തരികാവയവങ്ങൾക്കെല്ലാം ക്ഷതമേറ്റു. ആന പിന്നിൽ നിന്നും തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെ ക്ഷതങ്ങളും ശരീരത്തിലുണ്ട്. തുമ്പിക്കൈ കൊണ്ട് എറിഞ്ഞ ശേഷം കാട്ടാന നെഞ്ചിൽ ചവിട്ടിയെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കാളിമുത്തുവിൻ്റെ മകന് ജോലി നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു. മകൻ അനിൽകുമാറിന് വനം വകുപ്പിൽ താൽകാലിക ജോലി നൽകാൻ തീരുമാനമായത്. കുടുംബത്തിന് ആദ്യഘട്ട നഷ്ടപരിഹാരത്തുക ഇന്ന് കൈമാറുമെന്നും വനംവകുപ്പ് അറിയിച്ചു.
കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം; ചാലക്കുടിയിൽ ഒരാൾക്ക് ദാരുണാന്ത്യം


