കോട്ടയം: 9,11 തീയതികളിൽ നടക്കുന്ന സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ നോട്ടക്കും വോട്ടു ചെയ്യാനുള്ള സംവിധാനം അധികൃതർ ഏർപ്പെടുത്തി. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികൾക്കാർക്കും സമ്മതിദാനം നൽകാൻ മനസ്സില്ലാത്ത വോട്ടർമാർക്ക് അതു രേഖപ്പെടുത്താനുള്ള സംവിധാനത്തിനാണ് നോട്ട എന്നു പറയുന്നത്. കഴിഞ്ഞ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇതിനു ഇ സജ്ജീകരണം ഏർപ്പെടുത്തിയിരുന്നു. ഒരു
സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്ത വോട്ടർമാർക്ക് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ‘ഓപ്ഷ’നാണ് ‘നോട്ട’. ‘None of the above’ എന്നതിൻ്റെ ചുരുക്കപ്പേരാണ് നോട്ട. തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുചെയ്യാൻ ഇഷ്ടമില്ലാത്തവർക്ക് നോട്ടയിൽ വോട്ട് ചെയ്ത് മടങ്ങാം. എന്നാൽ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലറ്റിൽ സ്ഥാനാർഥികൾക്കൊപ്പം തന്നെ സ്ഥാനം പിടിച്ചിരുന്ന നോട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ ബൂത്തിനുപുറത്താണെന്ന് മാത്രം.
എന്നാൽ വോട്ടമാർ അറിഞ്ഞിരിക്കേണ്ട കാര്യമുണ്ട്, ബാലറ്റിൽ നോട്ട എന്ന ഓപ്ഷൻ ഇല്ല. പകരം വോട്ടർമാർക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥികളിൽ ആർക്കും വോട്ടുചെയ്യാൻ താത്പര്യമില്ലെങ്കിൽ ‘എൻഡ് ബട്ടൺ’ അമർത്തി മടങ്ങാം. ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റിൻ്റെ അവസാനമാണ് എൻഡ് ബട്ടൺ ഉള്ളത്. ഇഷ്ടമുള്ള ഒരു സ്ഥാനാർത്ഥിക്കുമാത്രം വോട്ടുചെയ്‌തശേഷം എൻഡ് ബട്ടൺ അമർത്താനും അവസരമുണ്ട്.
ഉദാഹരണത്തിന് ഗ്രാമപ്പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥിക്കുമാത്രം വോട്ട് ചെയ്‌ത് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ താൽപര്യമില്ലെങ്കിൽ ഒഴിവാക്കി എൻഡ് ബട്ടൺ അമർത്തി മടങ്ങാം. വോട്ടർ എൻഡ് ബട്ടൺ അമർത്തിയില്ലെങ്കിൽ പോളിങ് ഉദ്യോഗസ്ഥൻ ബട്ടൺ അമർത്തി യന്ത്രം സജ്ജീകരിക്കണം. എന്നാൽ, മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ബാലറ്റിൽ എൻഡ് ബട്ടണില്ല.
പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമപ്രകാരമാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത്. നോട്ട ഉൾപ്പെടുത്തണമെങ്കിൽ നിയമങ്ങളും അവയുടെ ചട്ടങ്ങളും ഭേദഗതി ചെയ്യണം. 2013-ൽ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ് വോട്ടിങ് യന്ത്രത്തിൽ നോട്ട ഉൾപ്പെടുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് കേരളത്തിൽ ആദ്യമായി നോട്ട വന്നത്. 2,10,563 പേരാണ് അന്ന് നോട്ടയ്ക്ക് വോട്ടുചെയ്‌തത്. ഇന്ത്യ, ഗ്രീസ്, അമേരിക്ക, യുക്രൈൻ, സ്പെയിൻ തുടങ്ങി ചില രാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലും ‘നോട്ട’; പക്ഷേ,സ്ഥാനം ബൂത്തിന് പുറത്ത് ;നോട്ടക്കു വോട്ട് നൽകുന്നത് ഇങ്ങനെ


