ഗവർണറുടെ ഔദ്യോഗിക വസതി ഇനി ലോക്ഭവൻ. പുതിയ പേര് സ്ഥാപിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ലോക്ഭവൻ കേരള എന്ന പുതിയ ബോർഡ് ആണ് സ്ഥാപിച്ചത്. രാജ്ഭവൻ, രാജ്പഥ് ഇവയൊക്കെ കൊളോണിയൽ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ഗവർണർ പറഞ്ഞു. ലോക്ഭവൻ ജനങ്ങളുടേതായിരിക്കുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.കൊളോണിയൽ സംസ്കാരത്തിൽ നിന്ന് നമ്മൾ പുറത്തുവരികയാണ്. അതിനാലാണ് പേര് മാറ്റമെന്ന് ഗവർണർ പറഞ്ഞു. രാജ്ഭവന്റെ പേര് മാറ്റം കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുമെന്നും സഹകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. രാജ്യത്തെ എല്ലാ രാജഭവനങ്ങളുടെയും പേര് ജനങ്ങളുടെ ഭവനം എന്നർത്ഥം വരുന്ന ലോക് ഭവൻഎന്നാക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ്.ബ്രിട്ടീഷ് കൊളോണിയൽ പൈതൃകം പേറുന്നതെന്ന് വിലയിരുത്തിയാണ് രാജ്ഭവൻ എന്ന പേരുമാറ്റുന്നത്. 2024-ൽ രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശിച്ചത്. ഡൽഹിയിലടക്കമുള്ള ലഫ്റ്റനന്റ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ്നിവാസിൻ്റെ പേര് ‘ലോക്നിവാസ്’ എന്നാക്കാനും തീരുമാനിച്ചിരന്നു.
രാജ്ഭവൻ ഇനി ‘ലോക്ഭവൻ കേരള’; പുതിയ പേര് സ്ഥാപിച്ച് ഗവർണർ


