ചാലക്കുടി പുഴയിൽ അന്നനാട് ആറങ്ങാലിക്കടവിൽ കുളിക്കുന്നതിനിടെ പുഴയിൽ മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം വിജയിച്ചെങ്കിലും ബന്ധുവായ രക്ഷകൻ മരിച്ചു. എളവൂർ കൊടുമ്പിള്ളി കൃഷ്ണനാണു (30) മരിച്ചത്. ജോഷിയുടെയും മിനിയുടെയും മകനാണ്. എളവൂരിൽ നിന്നു ബന്ധുവീട്ടിലെത്തിയ സംഘത്തിലെ ആറുപേരാണ് കുളിക്കാനിറങ്ങിയത്.സംഘത്തിലെ നാലാംക്ലാസ് വിദ്യാർഥി ആദിദേവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കൃഷ്ണൻ മുങ്ങിപ്പോയത്. പത്തരയോടെ ആറങ്ങാലിക്കടവിലെത്തിയ സംഘത്തിലുള്ളവർ കുളിക്കാനിറങ്ങിയപ്പോഴും കൃഷ്ണനും മറ്റൊരു കുട്ടിയും കരയിൽ ഇരിക്കുകയായിരുന്നു. നീന്തുന്നതിനിടെ ആദിദേവ് മുങ്ങുന്നതായി കണ്ട കൃഷ്ണൻ പുഴയിലേക്കിറങ്ങി കുട്ടിയെ കയ്യിലെടുത്തു കരയിലെത്തിച്ചു. കുട്ടി കരയിലേക്കു കയറിയെങ്കിലും കൃഷ്ണൻ മുങ്ങിപ്പോയി.ഒപ്പമുള്ളവർ ബഹളം വച്ചതോടെ നാട്ടുകാരും മറുകരയിലുണ്ടായിരുന്ന ബന്ധുക്കളും എത്തി തിരച്ചിൽ തുടങ്ങി. വൈകാതെ യുവാവിനെ കണ്ടെത്തിയപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപ്രതി മോർച്ചറിയിൽ. മിസ്‌റ്റർ ബട്‌ലേഴ്‌സിൽ ക്വാളിറ്റി എൻജിനീയറാണ്.സംസ്കാരം ഇന്ന് 3ന്. സഹോദരൻ: അഖിൽ.
ബന്ധുവായ കുട്ടി പുഴയിൽ വീണു; രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് ചാലക്കുടിപ്പുഴയിൽ മുങ്ങിമരിച്ചു


