കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസ്; രണ്ടാം പ്രതിക്കും തൂക്കുകയർ വിധിച്ച് കോടതി

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയ്ക്കും വധശിക്ഷ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതിയായ പ്രബീഷിന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. ഒഡീഷ ജയിലിലുള്ള പ്രതി രജനിയെ ഇന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് കേസിലെ രണ്ടാം പ്രതിയുടെ ശിക്ഷ കോടതി വിധിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പായി രാവിലെ രജനിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ ഒന്നുമില്ലെന്നായിരുന്നു രജനിയുടെ മറുപടി. ഒന്നാം പ്രതിക്ക് പുറമെ രണ്ടാം പ്രതിയായ രജനിക്കും വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ അരുംകൊലയിലെ ഒന്നാം പ്രതിയായ പ്രബീഷിന് ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കോടതി വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ രജനിയും കേസിൽ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നെങ്കിലും ഇവർ മറ്റൊരു കേസിൽ ജയിലിലായിരുന്നതിനാൽ ഇവർക്കുള്ള ശിക്ഷാവിധി മാറ്റിവെക്കുകയായിരുന്നു. മയക്കുമരുന്ന് കേസിൽ ഒഡീഷയിൽ ജയിലിലായിരുന്നു രജനി. ജയിലിലുള്ള രജനിയെ ഇന്ന് കേരള പൊലീസ് കോടതിയിൽ ഹാജരാക്കി. ഒന്നാം പ്രതി പ്രബീഷിനെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും രണ്ടാം പ്രതിയായ രജനിക്കെതിരെയും ചുമത്തിയിരുന്നു. ഇന്ന് മൂന്നേകാലോടെയാണ് കോടതി ശിക്ഷ വിധിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top