ഇടുക്കി മൂന്നാറിനു സമീപം ആനച്ചാലിൽ സ്പൈ ഡൈനിങ്ങിനിടെ വിനോദസഞ്ചാരികൾ കുടുങ്ങി. ക്രെയിനിൻ്റെ ഹൈഡ്രോളിക് ലിവർ തകരാറിലായതോടെയാണ് 120 അടി ഉയരത്തിൽ സഞ്ചാരികൾ കുടുങ്ങിയത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. അഞ്ചു സഞ്ചാരികളും ഒരു ജീവനക്കാരുമാണ് ക്രെയിനിനു മുകളിലെ ഭക്ഷണശാലയിലുണ്ടായിരുന്നത്. ഇവരിൽ ഒരാളെ കയർ വഴി താഴെയിറക്കി. മറ്റുള്ളവരെ ഇറക്കാനുള്ള ശ്രമം തുടരുകയാണ്.ക്രെയിനിൽ 120 അടിയോളം ഉയരത്തിൽ ആകാശക്കാഴ്ചകൾ ആസ്വദിക്കുന്നതിനും ആഹാരം കഴിക്കുന്നതിനുമുള്ള സംവിധാനമാണ് സ്കൈ ഡൈനിങ്ങിൽ ഒരുക്കിയിരുന്നത്. പ്രത്യേക പേടകത്തിലാണ് സഞ്ചാരികളെ ക്രെയിനിൽ മുകളിലേക്ക് ഉയർത്തുന്നതും നിലത്തിറക്കുന്നതും. ഇതിനായുള്ള ഹൈഡ്രോളിക് ലിവറാണ് തകരാറിലായത്. ക്രയിനിനു മുകളിലുള്ള ജീവനക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നു സ്കൈ ഡൈനിങ് നടത്തിപ്പുകാർ പറഞ്ഞു. കൃത്യമായ നിർദേശങ്ങൾ സഞ്ചാരികൾക്കു നൽകിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവർ പറഞ്ഞു.
ക്രെയിൻ തകരാറിലായി, മൂന്നാറിൽ 120 അടി ഉയരത്തിൽ ഡൈനിങ്ങിൽ കുടുങ്ങി സഞ്ചാരികൾ; താഴെയിറക്കാൻ ശ്രമം തുടരുന്നു


