കാസർകോട്: ചെറുവത്തൂർ റെയിൽവേ സ്‌റ്റേഷൻ റോഡിൽ ദേശീയപാതയിൽ കർമസമിതി സമരകെട്ടിയ പന്തൽ
പൊലീസ് പൊളിച്ചു നീക്കി. വലിയവീതിയിൽ അണ്ടർ പാസേജ് പണിയണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ 15 ദിവസത്തിലധികമായി കർമസമിതി ഇവിടെ സമരമിരിക്കുന്നത്. ബുധനാഴ്‌ച ഉച്ചയ്ക്ക് സമരക്കാർ എല്ലാവരും പോയിക്കഴിഞ്ഞ ശേഷമാണ് ഒരു ബസ് പൊലീസ് സ്ഥലത്തെത്തി പന്തലും മറ്റും പൊളിച്ചു നീക്കിക്കൊണ്ടുപോയത്. ഇതേ തുടർന്ന് പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഡിസംബർ ഒന്നാം തിയതി മുതൽ റിലേ നിരാഹാരസമരം നടത്തുമെന്ന് കഴിഞ്ഞ ദിവസം കർമസമിതി പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പൊലീസെത്തി സമരപന്തൽ പൊളിച്ചുമാറ്റിയത്. വളരെ സമാധാനപരമായി നടത്തുന്ന ഈ ജനാധിപത്യ സമരത്തെ പരാജയപ്പെടുത്താനുള്ള ശ്രമം പൊലീസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നാണ് സമരക്കാർ പറയുന്നത്.
ഒരുതരത്തിലുമുള്ള മുന്നറിയിപ്പുമില്ലാതെയാണ് പൊലീസ് ഈ നീക്കം നടത്തിയെതെന്നാണ് സമരസമിതി പറയുന്നത്. വിവരത്തെ തുടർന്ന് സമരസമിതി പ്രവർത്തകരും നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. പൊലീസും സ്ഥലത്തു തുടരുന്നുണ്ട്. വലിയ സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്ന സംശയമുണ്ട്. പൊലീസുകാരുടെ നടപടിയിൽ സമരക്കാർക്ക് കടുത്ത അമർഷമുണ്ട്. സമരപന്തൽ ഇനിയും ഉയർത്തി സമരം തുടരുമെന്ന് കർമസമിതി പറയുന്നു. എന്ത് നടപടിയുണ്ടായാലും സമരം ശക്തമാക്കുമെന്ന് ഭാരവാഹി മുകേഷ് ബാലകൃഷ്‌ണൻ പറഞ്ഞു.
ചെറുവത്തൂരിലെ അണ്ടർ പാസേജ്; കർമസമിതിയുടെ സമരപന്തൽ പൊലീസ് പൊളിച്ചു നീക്കി, സ്ഥലത്ത് സംഘർഷാവസ്ഥ


