കാസർകോട്: കാസർകോട് സബ് ജയിലിലെ റിമാൻ്റ് പ്രതി മരിച്ചു. ദേളി, കുന്നുപാറയിലെ പരേതനായ അബ്ദുള്ളയുടെ മകൻ മുബഷീർ (29) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബുധനാഴ്ച പുലർച്ചെ അഞ്ചരമണിയോടെയാണ് മുബഷീറിനെ ജയിൽ അധികൃതർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചതായി പറയുന്നു. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. ഗൾഫിലായിരുന്ന മുബഷീർ രണ്ടുമാസം മുമ്പാണ് നാട്ടിൽ എത്തിയത്. മൂന്നാഴ്ച മുമ്പ് പോക്സോ കേസിൽ വാറൻ്റ് ഉണ്ടെന്നു പറഞ്ഞാണ് പൊലീസ് അറസ്റ്റു ചെയ്തതെന്നു ബന്ധുക്കൾ പറഞ്ഞു. തുടർന്ന് കോടതി റിമാൻ്റ് ചെയ്ത് കാസർകോട് സബ് ജയിലിലേയ്ക്ക് അയക്കുകയായിരുന്നു. മരണത്തിൽ സംശയം ഉണ്ടെന്നു കുടുംബം ആരോപിച്ചു. ചൊവ്വാഴ്ച മാതാവും രണ്ടുദിവസം മുമ്പ് ഗൾഫിൽ നിന്നു എത്തിയ അനുജനും സബ് ജയിലിൽ എത്തി മുബഷീറിനെ കണ്ടിരുന്നുവെന്നും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ
പ്രശ്നങ്ങൾ ഉള്ളതായി പറഞ്ഞിരുന്നില്ലെന്നും കുടുംബം പറഞ്ഞു. വിദഗ്ദ്ധ പോസ്റ്റുമോർട്ടം നടത്തണമെന്ന് കൂട്ടിച്ചേർത്തു.
മുബഷീറിൻ്റെ മരണത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാതാവ്: ഹാജിറ. സഹോദരങ്ങൾ: മുനവ്വർ, മുസംബിൽ, സൽമാൻ.
കാസർകോട് സബ് ജയിലിലെ റിമാൻ്റ് പ്രതി മരിച്ചു; ദുരൂഹതയെന്ന് കുടുംബം, പൊലീസ് അന്വേഷണം തുടങ്ങി, മരണപ്പെട്ട മുബഷീർ ഗൾഫിൽ നിന്നു എത്തിയത് രണ്ടുമാസം മുമ്പ്


