‘പരുക്കേൽക്കാതെ പരിണയം’! വിവാഹദിവസം വധുവിന് അപകടത്തിൽ പരുക്ക്, ആശുപത്രിയിലെത്തി താലികെട്ടി വരൻ

ആലപ്പുഴ വാഹനാപകടത്തിൽ പരുക്കേറ്റു, പക്ഷേ പ്രണയത്തെ പരുക്കേൽപ്പിക്കാനാകില്ല. വാഹനാപകടത്തിൽ പരുക്കേറ്റ വധുവിനെ വരൻ ആശുപത്രിക്കിടക്കയിൽ താലികെട്ടി. അതേസമയത്ത് മണ്ഡപത്തിൽ വിവാഹസദ്യയും വിളമ്പി. തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് അപകടം ഉണ്ടാക്കിയ പരിഭ്രാന്തിക്കിടെ വിവാഹിതരായത്. ആവണിയുടെ ആരോഗ്യനിലയിൽ വലിയ പ്രശ്‌നങ്ങളില്ലെന്ന് ഡോക്‌ടർമാർ അറിയിച്ചതോടെ ബന്ധുക്കൾക്കും ആശ്വാസം.ഇന്ന് ഉച്ചയ്ക്കു 12.12 നും 12.25 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് വാഹനാപകടത്തിൽ വധുവിനു പരുക്കേറ്റത്. തണ്ണീർമുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങുംവഴി വധു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ആദ്യം കോട്ടയം മെഡിക്കൽ കോളജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടക്കേണ്ടത്. അപകട വിവരം അറിഞ്ഞതോടെ വധുവിൻ്റെയും വരൻ്റെയും ബന്ധുക്കൾ ആശുപത്രിയിലേക്ക് പാഞ്ഞു.ആരോഗ്യനിലയിൽ വലിയ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ആശുപത്രിയിൽ താലികെട്ടാൻ തീരുമാനിച്ചു. അതേസമയം ഓഡിറ്റോറിയത്തിൽ സദ്യയും വിളമ്പി. ആവണിക്കു നട്ടെല്ലിനു പരുക്കുണ്ട്. കാലിന്റെ എല്ലിനു പൊട്ടലുമുണ്ട്. നാളെ സർജറി നടക്കും. ആവണിയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേർക്കും പരുക്കേറ്റു. ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top