സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കിയ നിലയിൽ

പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാ(29)ണ് മരിച്ചത്. തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ് ഇദ്ദേഹം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിന് സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച 12-ഓടെ എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ സ്വന്തം വാർഡായ 19-ൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയുടെ നാമനിർദേശ പത്രികാസമർപ്പണത്തിൽ പ്രവർത്തകർക്കൊപ്പം ശിവകുമാർ പങ്കെടുത്തിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങിയ ശിവകുമാറിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും എടുത്തിരുന്നില്ല. തുടർന്നായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.അഞ്ചുവർഷമായി സിപിഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയാണ് ശിവകുമാർ. വടകോട് സ്വകാര്യ ഫാമിൽ സൂപ്പർവൈസറായി ജോലി ചെയ്‌തു വരികയായിരുന്നു.
പത്രവിതരണസഹായിയായും പ്രവർത്തിച്ചിരുന്നു. വിവാഹിതനല്ല. അച്ഛൻ: പരേതനായ അപ്പു. അമ്മ: പാർവതി. സഹോദരി: പരേതയായ അംബിക.കസബ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മരണ കാരണം സംബന്ധിച്ച് വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ചൊവ്വാഴ്‌ച 11.30-ന് ചന്ദ്രനഗർ വൈദ്യുതശ്മശാനത്തിൽ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top