കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയും ; യുവതിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര

കോഴിക്കോട് : കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയുമായി വന്ന 43 കാരിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര. കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലെ ഒ.പി പരിശോധനയ്ക്കിടെയാണ് കണ്ണിൽ നിന്നും ജീവനോടെ വിരയെ പുറത്തെടുത്തത്. വെസ്റ്റ്ഹിൽ സ്വദേശിനിയായ യുവതിക്ക് കഴിഞ്ഞ 2 ദിവസം മുമ്പ് മാത്രമാണ് അസ്വസ്ഥത തുടങ്ങിയത്.
ഉടനെ മറ്റൊരു ആശുപത്രിയിൽ ചികിത്സ നടത്തി വീട്ടിലേക്ക് മടങ്ങിയെങ്കിലും, ഇന്നലെ അസ്വസ്ഥത സഹിക്കാതെ വന്നപ്പോഴാണ് കോംട്രസ്റ്റ് ആശുപത്രിയിൽ എത്തിയത്. സീനിയർ സർജൻ ഡോ. സുഗന്ധ സിൻഹ കണ്ണ് പരിശോധിച്ച് ഒ.പി യിൽ വെച്ച് തന്നെ കണ്ണിലെ വെള്ളപ്പാടയുടെ അടിവശത്ത് ഉണ്ടായിരുന്ന വിരയെ ചെറിയ ശസ്ത്രക്രിയ മാർഗ്ഗത്തിലൂടെ ജീവനോടെ പുറത്തെടുത്തു. ഇതോടെയാണ് രോഗി അനുഭവിച്ചിരുന്ന അസ്വസ്ഥയിൽ നിന്നും മുക്തയായത്.ഡൈലോ ഫെലോറിയ വിഭാഗത്തിലുള്ള കീടങ്ങൾ ശരീരത്തിൽ പ്രവേശിച്ചാണ് ഇത്തരം വിരകൾ കണ്ണിൽ വളരുന്നത്. കൊതുകുകളിലൂടെയോ, വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിലൂടെയോ ആകാം ഇവ ശരീരത്തിൽ പ്രവേശിക്കുന്നത്. കണ്ണിന്റെ റെറ്റിനയിലേക്ക് പ്രവേശിക്കാതെ കൃത്യസമയത്ത് പുറത്തെടുത്തതിനാൽ അപകട സാധ്യത ഇല്ലാതായെന്നും, രോഗിയുടെ കാഴ്‌ചയ്ക്ക് യാതൊരു തകരാറുമില്ലെന്നും ഡോക്‌ടർ സുഗന്ധ സിൻഹ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top