
മലപ്പുറം: മലപ്പുറം പത്തപ്പിരിയം പൊറ്റക്കാട് ശ്രീ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം. അടുത്തകാലങ്ങളിലായി ഇത് മൂന്നാം തവണയാണ് ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഇവർ അറിയിച്ചതിനെ തുടർന്ന് ക്ഷേത്രം ഭാരവാഹികളെത്തി പൊലീസിൽ പരാതി നൽകി. എടവണ്ണ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്ര മോഷണത്തിനൊപ്പം സമീപത്തെ ചില വ്യാപാര സ്ഥാപനങ്ങളിൽ കൂടി മോഷണം നടന്നിട്ടുണ്ട്. നേരത്തെ രണ്ട് തവണ ഈ ക്ഷേത്രത്തിൽ മോഷണം നടന്നിട്ടുണ്ട്.ഈ രണ്ട് സമയങ്ങളിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും കവർച്ച നടന്നു. സമാന രീതിയിൽ മോഷണം ആവർത്തിക്കുന്നതിനാൽ ഒരേ ആൾ തന്നെയാണ് മോഷ്ടാവെന്നാണ് സംശയം. രണ്ട് തവണ പരാതിപെട്ടിട്ടും പൊലീസിന് ഇതുവരെ മോഷ്ടാവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത്തവണയും കള്ളനെ പിടികൂടാൻ എടവണ്ണ പൊലീസിനു കഴിഞ്ഞില്ലെങ്കിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കണമെന്നാവശ്യപെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിക്കാനാണ് ക്ഷേത്രം ഭാരവാഹികളുടെ തീരുമാനം.



