കൂത്താട്ടുകുളം കാക്കൂരിൽ ഭർത്താവും ഭർതൃ മാതാവും വീട്ടിൽ നിന്നിറക്കിവിട്ട അമ്മയും മകനും 2 മാസം കഴിഞ്ഞതു റബർ തോട്ടത്തിലെ വിറകുപുരയിൽ. ഭിത്തികളില്ലാതെ 4 തൂണുകളിൽ നിൽക്കുന്ന വിറകുപുരയിലാണു 11 വയസ്സുകാരനും അമ്മയും കഴിഞ്ഞുകൂടിയത്. വൈകിട്ട് അമ്മ വാങ്ങിക്കൊണ്ടു വരുന്ന ഭക്ഷണം മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ കഴിക്കും. കാടുമൂടിയ വഴിയിലൂടെ വേണം വിറകുപുരയിലെത്താൻ. അമ്മ വരുന്നതുവരെ കുട്ടി ട്യൂഷൻ ക്ലാസിലോ അയൽപക്കത്തെ വീടുകളിലോ ഇരിക്കും. അമ്മ എത്തുമ്പോൾ വിറകുപുരയിലെത്തി ഭക്ഷണം കഴിച്ചു കിടന്നുറങ്ങും.കുട്ടിയുടെ ബാഗിൽ ജൂസ് കുപ്പികൾ സ്ഥിരമായി കണ്ടു സംശയം തോന്നിയ അധ്യാപകൻ ചോദിച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. രാവിലെ ഭക്ഷണം കഴിക്കാൻ അമ്മ നൽകുന്ന പണംകൊണ്ടു കുട്ടി ജൂസ് വാങ്ങിക്കുടിക്കും. ഉച്ചഭക്ഷണം സ്കൂളിൽ നിന്നു ലഭിക്കും.അധ്യാപകർ കാക്കൂരിലെ വീട്ടിലെത്തി വിവരങ്ങൾ മനസ്സിലാക്കി പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നൽകിയതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. ഭർത്താവിനു യുവതിയിലുള്ള സംശയമാണു കലഹത്തിനു കാരണമെന്നു പൊലീസ് പറയുന്നു.ഇന്നലെ രാത്രി കൂത്താട്ടുകുളം പൊലീസ് എത്തി അമ്മയെയും കുട്ടിയെയും തിരികെ വീട്ടിൽ കയറ്റി. ഇവർ താമസിച്ച വിറകുപുര പൊളിച്ചു നീക്കണമെന്നും അമ്മയ്ക്കും കുട്ടിക്കും ആവശ്യമായ താമസ സൗകര്യവും ഭക്ഷണവും നൽകണമെന്നും പൊലീസ് വീട്ടുകാർക്കു കർശനനിർദേശം നൽകി. ശിശുക്ഷേമ സമിതി അധികൃതർ സ്കൂളിലെത്തി കുട്ടിയുടെ വിവരങ്ങൾ ശേഖരിച്ചു.
വീട്ടിൽനിന്നു പുറത്താക്കി; ഭക്ഷണം കഴിക്കുന്നത് ഫോൺ വെളിച്ചത്തിൽ, 2 മാസമായി അമ്മയും മകനും പറമ്പിലെ ഷെഡിൽ


