മൂന്നാർ ഓർഡർ നൽകിയ ഭക്ഷണം നൽകാത്തതു ചോദ്യം ചെയ്ത വിനോദസഞ്ചാരിയായ യുവാവിനെ തട്ടുകടക്കാരൻ തലയ്ക്കടിച്ചു പരുക്കേൽപിച്ചു. കൊല്ലം അർക്കന്നൂർ കാരാളിക്കോണം സ്വദേശി എം.ഷംനാദ് (33) ആണ് മർദനമേറ്റ് ടാറ്റാ ടീ ആശുപത്രിയിൽ കഴിയുന്നത്. ബുധനാഴ്ച രാത്രി 10നു പോസ്റ്റ് ഓഫിസ് കവലയിലുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണു സംഭവം. സുഹൃത്തുമൊത്തു ഭക്ഷണം കഴിക്കാനെത്തിയ ഷംനാദ് ഭക്ഷണം ഓർഡർ നൽകി കാത്തിരുന്നു. എന്നാൽ, ഇദ്ദേഹത്തിനു ശേഷം വന്നവർക്ക് ആഹാരം വിളമ്പിയതു ചോദ്യം ചെയ്തു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിലാണ് ഇരുമ്പുചട്ടുകം ഉപയോഗിച്ച് തലയിലും മുഖത്തും അടിച്ചു പരുക്കേൽപിച്ചത്. സുഹൃത്തും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പൊലീസ് കേസെടുത്തു.
ഭക്ഷണം വൈകി; ചോദ്യംചെയ്ത സഞ്ചാരിയെ ചട്ടുകംകൊണ്ട് തലയ്ക്ക് അടിച്ചു; മൂന്നാറിൽ ആക്രമിക്കപ്പെട്ടത് കൊല്ലം സ്വദേശി


