കാസർകോട്: മൊബൈൽ നോക്കിയിരിക്കുന്നതിനിടെ വെയിറ്റിങ് റൂം ചെയറിനുള്ളിൽ കുടുങ്ങിയ രണ്ടുവയസുകാരന്
രക്ഷകരായത് അഗ്നിരക്ഷാസേന. കീഴൂരിലെ സന്ദീപിൻ്റെയും സിത്താരയുടെയും മകൻ ആത്മജ് ആണ് കസേരയിൽ കുടുങ്ങിപ്പോയത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ കാസർകോട് നായക്സ് റോഡിലെ കണ്ണാശുപത്രിയിലാണ് സംഭവം. മാതാപിതാക്കളുടെ കൂടെ ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. മൊബൈൽ നോക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി വെയിറ്റിങ്റൂം ചെയറിനുള്ളിലെ വിടവിൽ കുടുങ്ങിപ്പോയി. വലിച്ചെടുക്കാൻ പിതാവ് ശ്രമം നടത്തിയെങ്കിലും നടന്നില്ല. തുടർന്ന് ആശുപത്രി അധികൃതർ അഗ്നിശമനാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ വിഎം സതീശൻ്റെ നേതൃത്വത്തിൽ സേനയെത്തി. ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് കസേര മുറിച്ച് പരിക്കൊന്നും കൂടാതെ കുട്ടിയെ രക്ഷപ്പെടുത്തി. ഉദ്യോഗസ്ഥരായ എച്ച് ഉമേശൻ, എംഎ വൈശാഖ്, എസ് അരുൺകുമാർ, അഭയ്സൺ, അരുണ പി നായർ എന്നിവരും ദൗത്യത്തിൽ പങ്കെടുത്തു.
മൊബൈൽ നോക്കിയിരിക്കുന്നതിനിടെ അബദ്ധത്തിൽ വെയിറ്റിങ് റൂം ചെയറിനുള്ളിൽ കുടുങ്ങി; രണ്ടുവയസുകാരന് രക്ഷകരായത് അഗ്നിരക്ഷാസേന


