കുമ്പളയിലെ ടോൾ പിരിവ് കേന്ദ്ര അനുമതിയില്ലാതെ; നാളെ യൂസർഫീ പിരിക്കുന്നത് തടയുമെന്ന് ആക്ഷൻ കമ്മിറ്റി

കാസർകോട്: കുമ്പള ടോൾ പ്ലാസയിൽ നാളെ മുതൽ വാഹനങ്ങളിൽ നിന്ന് യൂസർ ഫീ പിരിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷൻ കമ്മിറ്റി രംഗത്ത്. കേന്ദ്ര അനുമതി ഇല്ലാതെയുള്ള പിരിവ് അനുവദിക്കില്ലെന്നും നാളെ യൂസർഫീ വാങ്ങുന്നത് തടയുമെന്നും ആക്ഷൻ കമ്മിറ്റി അറിയിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ആരിക്കാടി കെപി റിസോർട്ടിൽ ചേർന്ന ആക്ഷൻ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ബുധനാഴ്‌ച രാവിലെ 8 മണിമുതൽ യൂസഫീ പിരിക്കുമെന്ന് അധികൃതർ പത്ര പരസ്യത്തിൽ അറിയിച്ചിരുന്നു. സമരസമിതിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് ദേശീയപാതാ അതറിറ്റിയുടെ ഈ നീക്കം. യൂസർഫീ പിരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് ചീഫിനും അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
വക്കീലുമായി ബന്ധപ്പെട്ടപ്പോൾ പിരിക്കാനുള്ള കേന്ദ്രഅനുമതി ലഭിച്ചിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ആക്ഷൻ കമ്മിറ്റി ബുധനാഴ്‌ച ടോൾ പിരിക്കുന്നത് തടയാൻ തീരുമാനിച്ചത്. യോഗത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാർ എകെഎം അഷ്റഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. അഷ്റഫ് കർള സ്വാഗതം പറഞ്ഞു. എ കെ ആരിഫ്, ലക്ഷമണ പ്രഭു, ഫാറൂഖ് ഷിറിയ, ഖാലിദ് ബംബ്രാണ, സത്താർ ആരിക്കാടി, അബ്ദുൽ ലത്തീഫ്, മുഹമ്മദ് അലി, അസീസ് കളത്തൂർ, മുഹമ്മദ് കുഞ്ഞി കുമ്പോൽ, യുസഫ് ഉളുവാർ, മൊയ്‌ദീൻ അസീസ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top