തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 11 കോവിഡ്
മരണം സംഭവിച്ചു. അതിൽ ഏഴ് മരണം കേരളത്തിലാണ്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തിൽ മരിച്ചത്. വിവിധ രോഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകൾ കുറഞ്ഞു. ആകെ 7264 കൊവിഡ് രോഗബാധിതരാണ് രാജ്യത്തുള്ളത്. കേരളത്തിലെ 87 പേരും രോഗമുക്തരായി. സംസ്ഥാനത്തെ കേസുകൾ 1920 ആയി കുറഞ്ഞു. പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെ എൻ 1 വകഭേദങ്ങളായ എൽ എഫ് 7, എക്സ് എഫ് ജി ആണ് കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങൾക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. രോഗലക്ഷണമുള്ളവർക്ക് കൊവിഡ് പരിശോധന നടത്താൻ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.