കാസർകോട്: എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ദേശീയപാതയിലെ കുമ്പള ടോൾ പ്ലാസ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. ഇതു സംബന്ധിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പത്രപരസ്യം നൽകി. ഭാരത സർക്കാർ ഉപരിതല ഗതാഗത ആൻ്റ് ദേശീയപാത പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം എൻ എച്ച് 66 ലെ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ദേശീയപാത ഉപയോഗത്തിനു നവംബർ 12ന് രാവിലെ 8 മണിമുതൽ ടോൾ നിലവിൽ വരുമെന്ന് പത്ര പരസ്യത്തിൽ പറയുന്നു.
ഒരു ഭാഗത്തേയ്ക്ക് കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വെഹിക്കിൾ എന്നിവയ്ക്കു 85 രൂപയാണ് ടോൾ. എൽ സി വി, എൽ ജി വി, മിനി ബസുകൾക്കു 140 രൂപയും ബസുകൾക്കും ട്രക്കുകൾക്കും 295 രൂപയും വ്യാവസായിക വാഹനങ്ങൾക്കു 320 രൂപയും ഹെവി കൺസ്ട്രക്ഷൻ മെഷീനറി, എർത്ത് മൂവിംഗ് എക്യൂപ്പ്മെന്റ്, മൾട്ടി ആക്സിൽ വെഹിക്കിൾ 460 രൂപയും ഏഴും അതിൽ കൂടുതൽ ആക്സിലുകളുള്ള വലിയ വാഹനങ്ങൾക്ക് 560 രൂപയുമാണ് ടോൾ. പ്ലാസയിൽ നിന്നു 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകൾക്ക് പ്രതിമാസ നിരക്ക് 340 രൂപ ആയിരിക്കുമെന്നും പത്ര പരസ്യത്തിൽ പറയുന്നു.
അതേസമയം ടോൾ പ്ലാസയ്ക്കെതിരെ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ അടിയന്തര യോഗം ഇന്ന് (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 2.30ന് ചേരുമെന്ന് ചെയർമാൻ എ കെ എം അഷ്റഫ് എം എൽ എ അറിയിച്ചു.
കുമ്പള ടോൾപ്ലാസയിൽ യൂസർ ഫീ നാളെ മുതൽ; ആക്ഷൻ കമ്മിറ്റിയുടെ അടിയന്തരയോഗം ഇന്ന് 2.30ന്


