പരീക്ഷ എഴുതാൻ കോടതി ഉത്തരവുമായി കോളേജിലെത്തി റാഗിങ് കേസ് പ്രതികൾ; ജൂനിയറെ വീട്ടിൽകൊണ്ടുപോയി മർദ്ദിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയായ 18കാരനാണ് മർദ്ദനമേറ്റത്. റാഗിങ് കേസിൽ സസ്പെൻഷനിൽ ആയിരുന്ന വിദ്യാർത്ഥികൾ കോടതി ഉത്തരവ് നേടി പരീക്ഷയ്ക്കായി കോളേജിൽ എത്തി മർദ്ദിച്ചു എന്നാണ് ആരോപണം.
വിദ്യാർത്ഥി നൽകിയ പരാതിയിൽ ഹഫീസ് ഉമ്മർ, ഫാസിൽ എന്നിവരുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തിൽ കോളേജിൽ വന്നു എന്ന കാരണം പറഞ്ഞായിരുന്നു മർദ്ദനം. കോളേജിന് പുറത്തേക്ക് വിളിച്ചുവരുത്തി ഇരുചക്രവാഹനത്തിൽ കയറ്റുകയും അക്രമികളിൽ ഒരാളുടെ വീട്ടിൽ കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് അടിച്ച് പരിക്കേൽപ്പിച്ചതായുമാണ് പരാതി.മൊബൈൽ ഫോൺ, ചാർജിങ് കേബിൾ, ബെൽറ്റ് എന്നിവ കൊണ്ടാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. തിങ്കളാഴ്‌ച രാവിലെയാണ് സംഭവം. വിദ്യാർത്ഥി നിലവിളിച്ചിട്ടും പ്രതികൾ മർദ്ദിക്കുന്നത് അവസാനിപ്പിച്ചില്ല. വൈകിട്ട് മൂന്നോടെയാണ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ തുറന്നുവിട്ടത്. എന്നാൽ സംഭവം വിദ്യാർത്ഥി വീട്ടിൽ പറഞ്ഞിരുന്നില്ല. കിടന്നുറങ്ങുന്നതിനിടെ ശരീരത്തിലെ പാട് കണ്ട് കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം രക്ഷിതാക്കളറിഞ്ഞത്. ഉടനെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ജൂൺ 19ന് രണ്ടാം വർഷം വിദ്യാർത്ഥികളിൽ റാഗിങ്ങിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. റാഗിങ്ങിനെ എതിർക്കുന്ന നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും കോളേജ് അധ്യാപക കൗൺസിൽ റാഗിങ്ങിനെ അനുകൂലിക്കുന്ന 17 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ വിദ്യാർത്ഥികളിൽ രണ്ടുപേരാണ് വീണ്ടും മറ്റൊരു വിദ്യാർത്ഥിയെ റാഗിങ്ങിനിരയാക്കിയത്. സംഘർഷമുണ്ടാക്കരുതെന്ന നിബന്ധനയിലാണ് വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ കോടതി അനുവദിച്ചതെന്ന വ്യവസ്ഥ ലംഘിച്ച കാര്യം കോടതിയെ അറിയിക്കുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top