തൃശൂർ: സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 82 വർഷം കഠിന തടവ്. കുന്നംകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി മൂന്നര ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ തുക അതിജീവിതകൾക്ക് നൽകണം. വടക്കേക്കാട് സ്വദേശിയായ കുട്ടികളുടെ ബന്ധുവായ 39കാരനെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്‌ജ് എസ് ലിഷ ശിക്ഷിച്ചത്.2024 ജൂലൈ മാസത്തിലാണ് പ്രതി പെൺകുട്ടികളെ പീഡിപ്പിച്ചത്. വിവരമറിഞ്ഞ സ്കൂൾ ടീച്ചറുടെ നിർദേശ പ്രകാരം പെൺകുട്ടികളുടെ മാതാവ് വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സിപിഒ ഷീജ ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. തുടർന്ന് വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
വടക്കേക്കാട് പൊലീസ് ഇൻസ്പെക്ടറായിരുന്ന കെ സതീഷ് രജിസ്റ്റർ ചെയ്‌ത കേസിൽ സബ് ഇൻസ്പെക്ടർ കെ പി ആനന്ദാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ എസ് ബിനോയ്, അഡ്വക്കേറ്റ്‌മാരായ കെ എൻ അശ്വതി, ടി വി ചിത്ര എന്നിവരും പ്രോസിക്യൂഷൻ സഹായത്തിനായി ജി എസ് സി പി ഒ മിനിമോളും ഹാജരായി.
സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ചു; യുവാവിന് 82 വർഷം കഠിന തടവ് വിധിച്ച് കുന്നംകുളം പോക്സോ കോടതി


