മദ്യപാനികളെ ‘ഊതിക്കാൻ’ റെയിൽവേ ; കണ്ണൂർ റയിൽവേ സ്റ്റേഷനിൽ ബ്രെത്തലൈസർ പരിശോധന

കണ്ണൂർ: സ്ത്രീകൾക്കെതിരെ അതിക്രമം കൂടിയതോടെ വീണ്ടും വടിയെടുക്കുകയാണ് ഇന്ത്യൻ റെയിൽവേ. മദ്യപാനികളെ പിടിക്കാൻ ബ്രെത്തലൈസർ പരിശോധനയുമായാണ് കണ്ണൂർ റെയിൽവേ സ്റ്റേഷൻ അധികൃതർ രംഗത്തുവന്നത്. മദ്യം കഴിച്ചെന്ന് തെളിഞ്ഞാൽ യാത്ര വിലക്കാനാണ് തീരുമാനം.
വൈകുന്നേരം സമയം അഞ്ചു മണി. റെയിൽവെ സ്റ്റേഷൻ നിറയെ യാത്രക്കാർ. മദ്യം കഴിച്ച് ആളുകൾ ട്രെയിനിൽ കയറുന്നത് കൂടുതലും വൈകുന്നേരം മുതലാണ്. സംശയം തോന്നുന്നവരെയൊക്കെ ഊതിച്ചിട്ടേ വിടൂ.. കവാടത്തിലും പ്ലാറ്റ്ഫോമിലും, ട്രെയിനിനുള്ളിലുമെല്ലാം പരിശോധന.മദ്യപാനിയെ യാത്ര ചെയ്യാൻ അനുവദിച്ചാൽ മറ്റു യാത്രക്കാർക്ക് പ്രശ്‌നമാകാൻ സാധ്യതയുണ്ടെങ്കിൽ യാത്ര വിലക്കും. ഇനി രണ്ടാഴ്ചത്തേക്ക് താത്കാലികാടിസ്ഥാനത്തിൽ ഇതാണ് നടപടി. ആർപിഎഫും റെയിൽവേ പൊലീസും സംയുക്തമായാണ് പരിശോധന. സാധാരണ പരിശോധനയുണ്ടാകാറുണ്ടെങ്കിലും ഇനി കുറേക്കൂടി കാര്യക്ഷമമാക്കുമെന്ന് അധികൃതർ.
റെയിൽവെ ഉദ്യോഗസ്ഥരുടെ പുതിയ തീരുമാനം സ്വാഗതം ചെയ്യുകയാണ് വനിതാ യാത്രക്കാർ.
അത്യാഹിതങ്ങളുണ്ടാകുമ്പോൾ സടകുടഞ്ഞെഴുനേൽക്കുന്ന നാട്ടിലെ സംവിധാനങ്ങൾ പലതും ചൂടാറുമ്പോൾ പഴയ പടിയാകാറുണ്ട്. ട്രെയിനിലെ സുരക്ഷയും അങ്ങനെയാകാതിരിക്കട്ടെയെന്നാണ് യാത്രക്കാരുടെ മനസിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top