ഇരിക്കൂർ: ശ്രീകണ്ഠപുരം-മലപ്പട്ടം-മയ്യിൽ റോഡിൽ മണ്ണിടിച്ചിൽ രൂക്ഷം. അഡൂർ, പഞ്ചാംമൂല, കൊളന്ത, കൊവുന്തല, വെസ്റ്റ്ഹിൽ എന്നിവിടങ്ങളിലാണു മണ്ണിടിഞ്ഞിരിക്കുന്നത്. വെസ്റ്റ്ഹില്ലിൽ 300 മീറ്ററോളം ഭാഗത്ത് 6 സ്ഥലങ്ങളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. അഡൂരിൽ 100 മീറ്ററോളം ഭാഗത്ത് 3 സ്ഥലങ്ങളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. പല സ്ഥലങ്ങളിലും ഓവുചാൽ ഉൾപ്പെടെ മണ്ണ് മൂടിയ നിലയിലാണ്.
വെസ്റ്റ്ഹില്ലിൽ 30 അടിയിലേറെ ഉയരമുള്ള മൺതിട്ടയുടെ മിക്ക ഭാഗങ്ങളും ഏതു സമയവും തകർന്നു വീഴാവുന്ന നിലയിലാണ്. ഇതിനു മുകളിൽ വേരുകൾ പുറത്തായ നിലയിൽ കൂറ്റൻ മരങ്ങളുള്ളതും ഭീഷണിയാകുന്നു. സ്വകാര്യ വ്യക്തികൾ അനധികൃതമായി കുന്നിടിച്ചു നിരത്തിയതാണ് ഇവിടെ ഇടിച്ചിലിനു പ്രധാന കാരണം. റോഡരികിൽ മണ്ണ് കൂടിക്കിടക്കുന്നതിനാൽ കാൽനട യാത്രികരും ദുരിതത്തിലാണ്.