അഹമ്മദാബാദ് ഇന്ത്യൻ പ്രീമിയർ ലീഗിലെ കന്നിക്കിരീട നേട്ടത്തിനു പിന്നാലെ ട്രോഫിയുമായി കമൻ്റേറ്റർമാർക്ക് അരികിലെത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളുരു സുപ്പർ താരം വിരാട് കോലി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആർസിബി താരങ്ങൾക്കൊപ്പം വിജയാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് തനിക്കു ലഭിച്ച ട്രോഫി അവതാരകരായ നവ്ജ്യോത് സിങ് സിദ്ദുവിനെയും മായന്തി ലാംഗറെയും കാണിക്കാൻ കോലിയെത്തിയത്. സഹതാരത്തിൻ്റെ കയ്യിൽനിന്നു ട്രോഫി വാങ്ങിയ കോലി, അതിൽ തൊട്ടുനോക്കാൻ മായന്തിയോട് ആവശ്യപ്പെടുന്നുണ്ട്.കോലിയുടെ ആവേശം കണ്ട അവതാരക ട്രോഫിയിലും സൂപ്പർ താരത്തിൻ്റെ കവിളിലും തലോടി. പിന്നീട് ട്രോഫിയുമായി കോലി ആർസിബി ആഘോഷങ്ങളിലേക്കു തിരികെപ്പോയി. കോലിയുടെ സന്തോഷം കണ്ട നവ്ജ്യോത് സിദ്ദു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും പറയുന്നുണ്ട്. സംഭവത്തിന്റെ രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പഞ്ചാബ് കിങ്സിനെതിരായ ഫൈനൽ പോരാട്ടത്തിൽ ആറു റൺസ് വിജയമാണ് ആർസിബി നേടിയത്. ആദ്യം ബാറ്റു ചെയ്ത ആർസിബി 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് കിങ്സിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. 35 പന്തുകൾ നേരിട്ട കോലി 43 റൺസാണ് ഫൈനലിൽ നേടിയത്. ബെംഗളുരുവിൻ്റെ ടോപ് സ്കോററായ കോലി മൂന്നു ഫോറുകൾ മാത്രമാണ് മത്സരത്തിൽ ബൗണ്ടറി കടത്തിയത്. 18 സീസണുകൾ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ആർസിബി ഐപിഎൽ കിരീടം വിജയിക്കുന്നത്. മുൻപ് മൂന്നു തവണ ഫൈനൽ കളിച്ചെങ്കിലും ബെംഗളുരു തോറ്റുപോകുകയായിരുന്നു.
Here’s the video. Look at the way Mayanti gently touches Kohli’s cheeks man he’s so so loved by everyone 😭🫶 pic.twitter.com/4lyW2DXEgg https://t.co/7WKrrivIRd
— H. 🇮🇹 (@cmoncheeeeks) June 3, 2025