താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിലിൽ റോഡരികിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച് കടത്തിയ യുവാവിനെ കൊടുവള്ളിയിൽവെച്ച് പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ മുനീബി(32)നെയാണ് നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിലേൽപ്പിച്ചത്.
ശനിയാഴ്ച രാത്രി ഒൻപതോടെയാണ് കൈതപ്പൊയിലിൽ റോഡരികിൽ നിർത്തിയിട്ട അടിവാരം നൂറാംതോട് സ്വദേശിയുടെ എസ്യുവി ഇയാൾ മോഷ്ടിച്ചത്. വാഹനത്തിലുണ്ടായിരുന്ന കുടുംബം സമീപത്തെ തുണിക്കടയിൽ കയറുകയും വാഹനയുടമ വണ്ടിയുടെ താക്കോലെടുക്കാതെ തൊട്ടടുത്ത് ഫോൺചെയ്ത് നിൽക്കുകയും ചെയ്യുന്ന സമയത്തായിരുന്നു മോഷണം. ഉടൻതന്നെ വാഹനയുടമ ബഹളംവെക്കുകയും സാമൂഹികമാധ്യമക്കൂട്ടായ്മകളിലൂടെ മോഷണവിവരം പ്രചരിപ്പിക്കുകയും ചെയ്തു.
വാഹനം കടത്തിക്കൊണ്ടുപോകുന്നതിനിടെ എസ്യുവി ഏതാനും ഇരുചക്രവാഹനങ്ങളിലും കാറുകളിലും ഇടിച്ചു. ഒടുവിൽ കൊടുവള്ളി-നരിക്കുനി റോഡിൽനിന്ന് വരുകയായിരുന്ന ഒരു കാറിൽ ഇടിച്ചതിനെത്തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് കൈകാര്യംചെയ്തു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി താമരശ്ശേരി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.