കൊച്ചി: എറണാകുളം പുതുവൈപ്പിനിൽ യെമൻ പൗരന്മാരായ രണ്ടുപേരെ കടലിൽ കാണാതായി. ജുബ്രാൻ, അബ്ദുൾ സലാം എന്നിവരെയാണ് കാണാതായത്. ഒമ്പത് പേരടങ്ങുന്ന യെമൻ വിദ്യാർഥികൾ കേരളം കാണാനെത്തിയതായിരുന്നു.
കോയമ്പത്തൂരിലെ ഒരു കോളേജിലെ വിദ്യാർഥികളാണ് ഇവർ. ഞാറയ്ക്കൽ വളപ്പിൽ ബീച്ചിലാണ് ഇവർ കുളിക്കാനെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് വിദ്യാർഥികൾ ഇങ്ങോട്ടേക്കെത്തിയത്
പ്രക്ഷുബ്ധമായ കാലവസ്ഥ ആയതിനാൽ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികൾ വിദ്യാർഥികളോട് പറഞ്ഞിരുന്നു. എന്നാൽ ഭാഷാപരമായ പ്രശ്നങ്ങൾ ഉള്ളതിനാലാകാം ഇവർക്ക് കാര്യം മനസ്സിലായില്ലെന്ന് വാർഡ് മെമ്പർ പറഞ്ഞു.
12:30-ഓടെയാണ് കുളിക്കാനിറങ്ങിയവരിൽ രണ്ടുപേരെ കാണാതായത്. കോസ്റ്റ്ഗാർഡും നാവികസേനയും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നുണ്ട്. പ്രദേശത്ത് മുമ്പും നിരവധി ആളുകളെ കടലിൽ കാണാതായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.