
തിരുവനന്തപുര: ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. ചെന്നൈയിൽ വേർതിരിച്ചെടുത്ത സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന് വിറ്റുവെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഗോവർധൻ എസ്ഐടിക്കു മൊഴി നൽകി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വച്ച് പാളികളിൽനിന്ന് വേർതിരിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റുവെന്നാണ് ഗോവർധനന്റെ മൊഴി.ഇതിന്റെ അടിസ്ഥഥാനത്തിൽ തൊണ്ടിമുതൽ കണ്ടെത്തുന്നതിനു വേണ്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ബെംഗളൂരുവിലേക്കു പോയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തപ്പോൾ ഇതു സംബന്ധിച്ച് സൂചന ലഭിച്ചതിൻ്റെ അടിസ്‌ഥാനത്തിലാണ് ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ ഗോവർധനെ ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ചുവരുത്തി എസ്. പി.ശശിധരൻ ചോദ്യം ചെയ്‌തത്. ഗോവർധനും വിൽപന സ്ഥിരീകരിച്ചതേടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ബെല്ലാരിയിലേക്കു കൊണ്ടുപോകാൻ തീരുമാനിച്ചത്. സ്വർണം പൂശലിനൊടുവിൽ കുറവു വന്ന് 476 ഗ്രാം സ്വർണം എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എസ്ഐടി.മഹാരാഷ്ട്രയിൽനിന്നു വിദഗ്‌ധനെ എത്തിച്ച് സ്വർണം വേർതിരിച്ചുവെന്നും പൂശലിനു ശേഷം ബാക്കിവന്ന സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്കു നൽകിയെന്നും സ്‌മാർട്ട് ക്രിയേഷൻസ് ഉടമ മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്‌ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് സ്വർണം വിറ്റുവെന്ന് കണ്ടെത്തിയത്. ഇതുവഴി നേടിയ പണം ഉണ്ണികൃഷ്‌ണൻ പോറ്റി എങ്ങനെയാണു ചെലവഴിച്ചതെന്ന വിവരവും എസ്ഐടിക്കു ലഭിച്ചിട്ടുണ്ട്. പോറ്റിയുടെ വീട്ടിൽനിന്ന് ബാങ്ക് രേഖകൾ ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. ഗോവർധനുമായി പോറ്റിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.



