തൊടുപുഴ: എറണാകുളം ഇടപ്പള്ളിയിൽ നിന്നും കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി. ഇടുക്കി തൊടുപുഴ ബസ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രാവിലെ ജോത്സ്യനാണെന്ന് ഫോണിൽ പരിചയപ്പെടുത്തിയ വ്യക്തിയാണ് കുട്ടി തനിക്കൊപ്പമുണ്ടെന്ന് ബന്ധപ്പെട്ടവരെ വിളിച്ചറിയിച്ചത്. തുടർന്ന് രക്ഷിതാക്കളും പോലീസുമെത്തി കുട്ടിയെ ഒപ്പംകൂട്ടുകയായിരുന്നു.
പതിമൂന്നുവയസുകാരനെ ചൊവ്വാഴ്ചയാണ് കാണാതായത്. സേ പരീക്ഷ എഴുതാൻ പിതാവ് സ്കൂളിലാക്കി മടങ്ങിയതിന് ശേഷമാണ് കുട്ടിയെ കാണാതായത്. ഉച്ചയായിട്ടും കുട്ടി മടങ്ങിയെത്താത്തതിനെ തുടർന്ന് സ്കൂളിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടി പത്തുമണിക്ക് തന്നെ സ്കൂളിൽ നിന്നും പോയതായി വ്യക്തമായത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കുട്ടി മൂവാറ്റുപുഴയിലെത്തിയതായും ഇവിടെ നിന്ന് തൊടുപുഴ ബസിൽ കയറിയതായും വിവരം ലഭിച്ചിരുന്നു. എന്നാൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് ഇന്നു പുലർച്ചേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.