കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് പരാജയപ്പെട്ടു. 98% സര്‍വീസുകളും കൃത്യമായി നടന്നു. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടക്കി 24 മണിക്കൂറും പണിമുടക്കാന്‍ ആയിരുന്നു ആഹ്വാനമെങ്കിലും പാളി പോവുകയായിരുന്നു.
സംസ്ഥാനത്തുടനീളം 24 മണിക്കൂര്‍ സമരമാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ചത്. എന്നാല്‍ രാവിലെ മുതല്‍ സര്‍വീസുകള്‍ ഒന്നും തന്നെ മുടങ്ങിയില്ല. 98 ശതമാനം സര്‍വീസുകളും മുടക്കമില്ലാതെ നടന്നു. ജീവനക്കാരും കൃത്യസമയത്ത് ജോലിയില്‍ പ്രവേശിച്ചു. ഓര്‍ഡിനറി, സ്വിഫ്റ്റ് ദീര്‍ഘദൂര ബസ്സുകള്‍ എല്ലാം നിരത്തിലിറങ്ങി.
അതേസമയം, ടിഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം സൃഷ്ടിക്കാന്‍ മനപ്പൂര്‍വം ശ്രമം നടത്തി. ബസ്സിനു മുന്നില്‍ കിടന്നു കൊണ്ടായിരുന്നു തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ പ്രതിഷേധം. പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ നീക്കം ചെയ്തു.