കാസർകോട്: റെയിൽവെ ട്രാക്കിനടുത്തെ സ്ഥാപിച്ചിരുന്ന ഹൈടെൻഷൻ ലൈനിനു മുകളിൽ തെങ്ങ് കടപുഴകി വീണതിനെ തുടർന്ന് കാസർകോടിനും മംഗ്ളൂരുവിനുമിടയിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു.
തിങ്കളാഴ്ച്ച രാവിലെയാണ് പള്ളിക്കുന്നിൽ ഹൈടെൻഷൻ ലൈനിനു മുകളിൽ തെങ്ങു കടപുഴകി വീണത്. തെങ്ങ് വീണതിനെ തുടർന്ന് ഹൈടെൻഷൻ ലൈൻ റെയിൽവെ ട്രാക്കിനടുത്തേക്ക് ചാഞ്ഞു അപകടകരമായ നിലയിലാണ്. വിവരമറിഞ്ഞ് മംഗ്ളൂരുവിലേക്ക് പോവുകയായിരുന്ന മലബാർ എക്സ്പ്രസ് കാസർകോട് റെയിൽവെ സ്റ്റേഷനിൽ നിറുത്തിയിട്ടു. പാസഞ്ചർ ട്രെയിൻ തളങ്കരയിൽ നിറുത്തിയിട്ടിരിക്കുകയാണെന്ന് അറിയുന്നു. മംഗ്ളൂരു ഭാഗത്ത് നിന്ന് കാസർകോട്ടേക്കുള്ള ട്രെയിനുകളും സർവ്വീസ് നിറുത്തി വച്ചിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയുണ്ടായ ശക്തമായ കാറ്റിലാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും റെയിൽവെ അധികൃതരും വൈദ്യുതി വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ട്.
ഹൈടെൻഷൻ ലൈൻ പുനഃസ്ഥാപിക്കാനും തെങ്ങ് മുറിച്ചുമാറ്റാനും നടപടി ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ ഗതാഗതം ഉടൻ പുനഃസ്ഥാപിക്കുന്നതിന് തിരക്കിട്ട ശ്രമം തുടരുകയാണ്.