ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേന മൂന്ന് ഭീകരവാദികളെ ഏറ്റമുട്ടലിൽ കൂടി വധിച്ചു. ജയ്ഷെ മുഹമ്മദ് ഭീകരവാദികളാണ് കൊല്ലപ്പെട്ടവരെന്നാണ് വിവരം. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഭീകരരെ വധിക്കുന്നത്.
പുൽവാമയിലെ നാദേർ, ത്രാൽ വില്ലേജുകളിലായി നടന്ന ഏറ്റമുട്ടലിലാണ് മൂന്ന് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് ലഷ്കർ ഭീകരരെ സുരക്ഷാ സേന ഷോപിയാനിൽ വെച്ച് വധിച്ചിരുന്നു. ഇവരിൽനിന്ന് ആയുധങ്ങളും പണവും അടക്കം പിടികൂടി. ഇതിന് ശേഷം കൂടുതൽ ഭീകരവാദികളുണ്ടാകാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഏജൻസികൾ ജാഗ്രതയിലായിരുന്നു. ഈ സമയത്ത് ത്രാലിൽ ഭീകരവാദികളെത്തിയിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്.