കണ്ണുർ രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേള വൈവിധ്യങ്ങളാൽ സമ്പന്നം. ഒട്ടേറെയാളുകളാണ് സ്റ്റാളുകൾ സന്ദർശിക്കുന്നത്. മേള ഇന്ന് സമാപിക്കും.
അക്കാദമിക വൈവിധ്യങ്ങളാൽ വിദ്യാഭ്യാസ വകുപ്പ് എന്റെ കേരളം പ്രദർശനമേളയിൽ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അക്കാദമിക് പ്രവർത്തനങ്ങളുടെ നേർസാക്ഷ്യങ്ങളുമായാണു വിദ്യാർഥികളും അധ്യാപകരും എത്തിയത്. വിവിധ ഉപജില്ലകളുടെ നേതൃത്വത്തിലായിരുന്നു ഓരോ ദിവസത്തെയും അവതരണം. കുട്ടികളുടെ അക്കാദമിക് മികവുകളുടെ അവതരണം വേറിട്ടതായി. തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം, സംയുക്ത ഡയറി, സചിത്ര പാഠപുസ്തകം, നൈപുണി വിദ്യാഭ്യാസം, ഉൾച്ചേർന്ന വിദ്യാഭ്യാസം, കൈറ്റ്, ഡയറ്റ് തുടങ്ങിയവയെല്ലാം പ്രദർശന സ്റ്റാളിൻ്റെ വൈവിധ്യത്തിനു നിറപ്പകിട്ടേകി. ഇന്ന് ജിഎച്ച്എസ്എസ് ചുണ്ടങ്ങാപൊയിൽ അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ നൃത്തശിൽപം അരങ്ങേറും.